സിഡ്‌നി : ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സൂപ്പർ താരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന പാകിസ്താനുമായുള്ള ടെസ്റ്റിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. 2025 ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഓസ്ട്രേലിയ ആവശ്യപ്പെടുകയാണെങ്കിൽ പങ്കെടുക്കും എന്നും ഡേവിഡ് വാർണർ അറിയിച്ചു.
കുടുംബത്തിനുവേണ്ടി കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുന്നതെന്ന് വാർണർ വ്യക്തമാക്കി. ലോകകപ്പ് നേട്ടത്തിന് ശേഷം കരിയർ അവസാനിപ്പിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുമായി നടന്ന മത്സരമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന ഏകദിന മത്സരം. ഇനി ടി20 ഫോർമാറ്റിൽ മാത്രമായിരിക്കും ഡേവിഡ് വാർണറെ കാണാൻ കഴിയുക.
ഓസ്‌ട്രേലിയയെ രണ്ടു തവണ ലോക ചാമ്പ്യനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഡേവിഡ് വാർണർ. 2015ൽ സ്വന്തം തട്ടകത്തിലും 2023ൽ ഇന്ത്യയിലും വാർണറിന്റെ ടീം കിരീടം നേടി. 2009ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിലൂടെയാണ് വാർണർ ഏകദിന കരിയർ ആരംഭിക്കുന്നത്. 37 കാരനായ വാർണർ 61 ഏകദിനങ്ങളിൽ നിന്നായി 22 സെഞ്ചറികളും 33 അർധ സെഞ്ചറികളുമുൾപ്പെടെ 6932 റൺസാണ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയക്ക് പുറമേ ഇന്ത്യയിലും ധാരാളം ആരാധകരുള്ള താരമാണ് ഡേവിഡ് വാർണർ.
Discussion about this post