ആലപ്പുഴ: ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും ആൺസുഹൃത്തും പിടിയിൽ. സംഭവശേഷം ഒളിവിൽ പോയ ഇരുവരെയും ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ അമ്മ ദീപ, സുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണ കുമാർ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പ്രതികൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം പരിക്കേറ്റ കുഞ്ഞ് നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ശരീരം മുഴുവൻ ചൂരൽ കൊണ്ടടിച്ച പാടുകളുണ്ട്. മർദ്ദനത്തിൽ കുഞ്ഞിന്റെ ഇടതു കയ്യിലെ അസ്ഥിക്കും പൊട്ടലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ദീപയുടെ അറിവോടെയാണ് കൃഷ്ണ കുമാർ കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇന്നലെ രാവിലെയാണ് കുഞ്ഞിനെ ദീപയും കൃഷ്ണകുമാറും ചേർന്ന് കുഞ്ഞിന്റെ പിതാവിന്റെ വീട്ടിലെത്തിച്ചത്. ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകളോടെ അവശനിലയിലായിരുന്നു കുട്ടി. കുഞ്ഞിന്റെ ഇടതു കൈ ചലിപ്പിക്കാനാവത്ത നിലയിലായിരുന്നു. കുട്ടിയുടെ കരച്ചിലും കൈയിൽ നീര് വക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് രാത്രിയിൽ തുറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ചൂരൽ കൊണ്ട് അടിയേറ്റ പാടുകൾ കണ്ടെത്തിയത്. ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലുള്ളതായും കൂടുതൽ പരിശോധനയിൽ കണ്ടെത്തി. ഇതേതുടർന്നാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. വിദഗ്ദ ചികിത്സക്കായി കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസമായി കുട്ടിയുടെ പിതാവുമായി അകന്ന് താമസിച്ചിരുന്ന ദീപ സുഹൃത്തായ കൃഷ്ണ കുമാറിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
Discussion about this post