ബംഗളൂരു : കർണാടകയിൽ അംഗൻവാടി ജീവനക്കാരിക്ക് നേരെ ആക്രമണം. അംഗൻവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ അയൽപക്കത്തെ താമസക്കാരനാണ് ജീവനക്കാരിക്ക് നേരെ ആക്രമണം നടത്തിയത്. അംഗൻവാടി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സ്ത്രീയുടെ മൂക്ക് ഇയാൾ മുറിച്ചുമാറ്റി. രക്തം വാർന്ന് അവശനിലയിലായ ജീവനക്കാരിയുടെ നില ഗുരുതരമാണ്.
അയൽവാസിയുടെ മുറ്റത്തുനിന്നും കുട്ടികൾ പൂക്കൾ പറിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ജീവനക്കാരിക്ക് നേരെയുണ്ടായ ആക്രമണത്തിലേക്ക് നയിച്ചത്. ബസുർത്തെ ഗ്രാമത്തിൽ അംഗൻവാടി അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്ന സുഗന്ധ മോറെ എന്ന 50 വയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായത്. അംഗൻവാടിക്ക് സമീപത്തെ വീട്ടുടമസ്ഥനായ കല്യാൺ മോർ ആണ് പ്രതി.
അംഗൻവാടിയ്ക്ക് പുറത്ത് കളിക്കുകയായിരുന്നു കുട്ടികൾ സമീപവാസിയായ കല്യാണിന്റെ മുറ്റത്തുനിന്നും പൂക്കൾ പറിച്ചെടുത്തപ്പോൾ ഇയാൾ കുട്ടികളെ മർദ്ദിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ചെന്നതോടെയാണ് ജീവനക്കാരിയായ സുഗന്ധയും പ്രതിയും തമ്മിൽ സംഘർഷം ഉണ്ടാവാൻ കാരണം. തുടർന്ന് വീട്ടിൽ നിന്നും അരിവാൾ എടുത്തുകൊണ്ടുവന്ന പ്രതി സുഗന്ധയുടെ മൂക്ക് മുറിച്ചു മാറ്റുകയായിരുന്നു. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇതുവരെയും പ്രതിയെ പിടികൂടാത്തത് ഗ്രാമത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Discussion about this post