ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച ഇരട്ടസ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി ഉയർന്നതായി റിപ്പോർട്ട്.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് രണ്ട് സ്ഫോടനങ്ങളുണ്ടായത്. കല്ലറയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. സംഭവം ഭീകരാക്രമണമാണോയെന്ന് പരിശോധിച്ച് വരികയാണ്.
ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഇതിനെ ഹീനവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചു.
ഇറാന്റെ ഉന്നത അധികാരി, പരമോന്നത നേതാവ് ആയത്തുള്ള ഖമേനി, രക്തരൂക്ഷിതമായ ഇരട്ട സ്ഫോടനങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു, ‘ക്രൂരരായ കുറ്റവാളികൾ. ഇനി മുതൽ അവരെ ശക്തമായി നേരിടുമെന്നും. നിസംശയമായും കടുത്ത പ്രതികരണമുണ്ടാകുമെന്നും അറിയണംമെന്ന് ഖമേനി പറഞ്ഞു.
ഇറാൻ സൈന്യത്തിൻറെ ഭാഗമായ ഖുദ് സൈനിക വിഭാഗത്തിൻറെ തലവനായിരുന്നു ഖാസിം സുലൈമാനി. 2020 ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണം. ഇറാനിലെ ഏറ്റവും ശക്തനും ഇറാൻ പരമോന്നത നേതാവിന് ഏറ്റവും സ്വാധീനമുള്ള പട്ടാളമേധാവിയുമായിരുന്നു സുലൈമാനി. പതിനായിരങ്ങൾ അണിനിരന്ന വിലാപയാത്രയ്ക്ക് ശേഷമാണ് സുലൈമാനിയുടെ മൃതദേഹം അന്ന് മറവ് ചെയ്തത്.
Discussion about this post