ലക്‌നൗ: ഉത്തർപ്രദേശിൽ കൊടും കുറ്റവാളികൾക്കെതിരെ ബുൾഡോസർ ചികിത്സ തുടർന്ന് യോഗി സർക്കാർ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുന്ന യാദവ് എന്ന അശോക് യാദവിന്റെ വീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് അധികൃതർ പൊളിച്ചുനീക്കി. കനത്ത പോലീസ് കാവലിൽ ആയിരുന്നു നടപടി.
കന്നൗജ് പ്രാദേശിക ഭരണകൂടത്തിന് കീഴിലാണ് അശോക് യാദവിന്റെ വീട്. ഡിസംബർ 25 ന് ഇയാളെ പിടികൂടാൻ പോലീസ് ഈ വീട്ടിൽ എത്തിയിരുന്നു. എന്നാൽ പോലീസിന് നേർക്ക് ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇയാളും മകനും ചേർന്നായിരുന്നു ആക്രമണം. ഇതിൽ പോലീസ് കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു.
കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെ വീട് നിലനിൽക്കുന്നത് കയ്യേറ്റ ഭൂമിയിൽ ആണ് എന്ന് കണ്ടെത്തി. ഇതേ തുടർന്ന് പൊളിച്ച് നീക്കാൻ സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. വ്യാഴാഴ്ചയാണ് വീട് പൊളിച്ചു നീക്കിയത്. അതേസമയം പോലീസുകാരെ ആക്രമിച്ച കേസിൽ അശോക് യാദവിനെയും മകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കാലിൽ വെടിവച്ച് വീഴ്ത്തി പോലീസ് പിടികൂടുകയായിരുന്നു.












