ഭോപ്പാൽ : വളർത്തുനായയെ രക്ഷിക്കാനായി ഡാം റിസർവോയറിലേക്ക് ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഭോപ്പാൽ സ്വദേശിയായ സരൾ നിഗം എന്ന യുവാവിനാണ് ദാരുണമരണം സംഭവിച്ചത്. രാവിലെ സുഹൃത്തുക്കളോടൊപ്പം നടക്കാൻ ഇറങ്ങിയ സമയത്ത് ആയിരുന്നു അപകടം ഉണ്ടായത്. വെള്ളത്തിൽ വീണ നായ പിന്നീട് നീന്തിക്കയറി രക്ഷപ്പെട്ടു.
ഭോപ്പാൽ എൻഐടിയിൽ നിന്നും ബിടെക് ബിരുദം പൂർത്തിയാക്കിയശേഷം യു പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 23 കാരനായ യുവാവാണ് കെർവ ഡാം റിസർവോയറിൽ മുങ്ങിമരിച്ചത്. രാവിലെ പ്രഭാത സവാരിക്കായി സുഹൃത്തുക്കളോടൊപ്പം ഇറങ്ങിയതായിരുന്നു യുവാവ്. ഇതിനിടയിൽ ആയിരുന്നു കൂടെയുണ്ടായിരുന്ന വനിതാ സുഹൃത്തിന്റെ വളർത്തുനായ ഡാം റിസർവോയറിലേക്ക് വീണത്. തുടർന്ന് രക്ഷിക്കാനായി യുവാവും സുഹൃത്തുക്കളും ചേർന്ന് കൈകൾ കൂട്ടിപ്പിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
എന്നാൽ നില തെറ്റിയ സരൾ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാൽ യുവാവ് പെട്ടെന്ന് തന്നെ ഒഴുക്കിൽപ്പെട്ട് അകന്നു നീങ്ങി. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ ക്യാമ്പ് വാച്ച്മാൻ ആണ് പോലീസിൽ വിവരമറിയിക്കുന്നത്. മുങ്ങൽ വിദഗ്ധരും എസ്ഡിഇആർഎഫും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 15 അടിയോളം വെള്ളമായിരുന്നു റിസർവോയറിൽ ഉണ്ടായിരുന്നത്.
Discussion about this post