ന്യൂഡൽഹി: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിൽ അപലപിച്ച് ഇന്ത്യ. സംഭവം ഞെട്ടിക്കുന്നത് ആണെന്ന് വിദേശകാര്യ വക്താവ് രന്ദിർ ജയ്‌സ്വാൾ പ്രതികരിച്ചു. സംഭവം അതിയായ വേദനയുളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം.
ഇറാനിലുണ്ടായ അതി ദാരുണമായ സംഭവം ഞെട്ടിപ്പിക്കുന്നതും ദു:ഖമുളവാക്കുന്നതുമാണ്. ഈ നിമിഷത്തിൽ സർക്കാരിനും ഇറാനിലെ ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബുധനാഴ്ചയായിരുന്നു ഇറാനെ നടുക്കിയ ഇരട്ട സ്‌ഫോടനങ്ങൾ ഉണ്ടായത്. അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ച ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികമായിരുന്നു ബുധനാഴ്ച. ഇതുമായി ബന്ധപ്പെട്ട പരിപാടികൾക്കിടെ സ്‌ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ 100ലധികം പേരാണ് കൊല്ലപ്പെട്ടത്.










