റാഞ്ചി : അർക്ക സ്‌പോർട്സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡ് വഞ്ചിച്ചെന്ന ആരോപണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണി. അർക്ക സ്‌പോർട്സ് 15 കോടി രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് റാഞ്ചി കോടതിയിൽ ധോണി കേസ് ഫയൽ ചെയ്തു. അർക്ക സ്‌പോർട്‌സിന്റെ മിഹിർ ദിവാകറിനും സൗമ്യ വിശ്വാസിനുമെതിരെയാണ് നൽകിയിരിക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ ഒരു ക്രിക്കറ്റ് അക്കാദമി നടത്തുന്നതിന് 2017 ൽ അർക്ക സ്പോർട്സ് ധോണിയുമായി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കരാർ പ്രകാരമുള്ള വ്യവസ്ഥകളിൽ സൂചിപ്പിച്ച ചില വ്യവസ്ഥകൾ പാലിച്ചിരുന്നില്ല. കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് ഫ്രാഞ്ചൈസി ഫീസ് നൽകാനും ലാഭം പങ്കിടാനും അർക്ക സ്‌പോർട്‌സ് ഇതുവരെയും തയ്യാറായിട്ടില്ല. ഇതുവഴി 15 കോടി രൂപ വഞ്ചിക്കപ്പെട്ടു എന്നാണ് ധോണിയുടെ ആരോപണം.
ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടും കരാറിൽ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും അർക്ക സ്പോർട്സ് അവഗണിച്ചതായി ധോണി ആക്ഷേപമുന്നയിക്കുന്നു. ഇതോടെ 2021 ഓഗസ്റ്റ് 15ന് കമ്പനിക്ക് നൽകിയ അംഗീകാര കത്ത് ധോണിക്ക് റദ്ദാക്കേണ്ടി വന്നു. നിരവധി തവണ വക്കീൽ നോട്ടീസ് അയച്ചെങ്കിലും ഫലം ഉണ്ടാവാത്തതിനാലാണ് കേസ് നൽകിയിരിക്കുന്നത് എന്ന് ധോണിയുടെ അഭിഭാഷകർ വ്യക്തമാക്കി.








Discussion about this post