ചെന്നൈ:ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയം.ഫ്യുവല്‍ സെല്‍ പവര്‍ സിസ്റ്റത്തിന്റെ പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവല്‍ സെല്‍ ഉല്‍പ്പാദിപ്പിച്ചത്. ഐഎസ്ആര്‍ഒ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്സി) ആണ് ഫ്യുവല്‍ സെല്‍ നിര്‍മിച്ചത്.
പോളിമര്‍ ഇലക്ട്രോലൈറ്റ് മെംബ്രൈന്‍ ഫ്യൂവല്‍ സെല്‍ ബഹിരാകാശത്തെ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി ദൗത്യങ്ങള്‍ സുഗമമാക്കുന്നതിന് ഇതില്‍നിന്ന് ഡാറ്റ ശേഖരിക്കുകയുമാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിക്കുന്നത്. ഈ വേളയില്‍ ഒരു വാതകവും പുറംതള്ളില്ല. ജലം മാത്രമാണ് പുറംതള്ളുക. അതേസമയം ഇത് ഭാവിയില്‍ ബഹിരാകാശ പദ്ധതികളില്‍ ബാക്കപ്പ് സിസ്റ്റമായും ഉപയോഗിക്കാന്‍ കഴിയുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
ജനുവരി ഒന്നിന് പിഎസ്എല്‍വി സി58 എക്സ്പോസാറ്റ് റോക്കറ്റ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നിര്‍ണായക ദൗത്യം കൂടി ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് റോക്കറ്റ് പ്രവര്‍ത്തിച്ചത്..ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂള്‍ ഘടിപ്പിച്ചിരുന്നു. ഈ മൊഡൂളിലാണ് 10 ഉപഗ്രഹങ്ങള്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം വിഎസ്എസ്സി ആണ് നിര്‍മിച്ചത്. അതില്‍ ഒന്നായ എഫ്‌സിപിഎസിയാണ് വിജയകരമായ ദൗത്യം പൂര്‍ത്തികരിച്ചത് .










