തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ ഒരു പ്രൈവറ്റ് സെക്രട്ടറിയെ കൂടി അനുവദിച്ച് സർക്കാർ തീരുമാനം. നേരത്തെ കെ വി തോമസിനായി നാല് ജീവനക്കാരെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി നിയമനം നൽകിയിരിക്കുന്നത്.
നേരത്തെ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആയിരുന്ന എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല. 44,020 രൂപ ശമ്പളത്തിൽ 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഒരു ലക്ഷം രൂപയാണ് കെ വി തോമസിന്‍റെ ഓണറേറിയം.
അഡ്വ. കെ റോയ് വർഗീസിനെയാണ് കെ വി തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഒരു വർഷത്തെ മുൻകാല പ്രാബല്യത്തോടെ നിയമനം നടത്തുന്നത് വഴി 5 ലക്ഷത്തിലേറെ രൂപയാണ് സർക്കാർ ഖജനാവിന് നഷ്ടം വരുന്നത്. നേരത്തെ കെ വി തോമസിന് ഓണറേറിയം നൽകാനായി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ അനുവദിച്ചത് വലിയ വിവാദമായിരുന്നു.
Discussion about this post