നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി നരേന്ദ്രമോദിയെ കാണാൻ എത്തിയത്.
സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വളരെ വേഗത്തിൽ തന്നെ ശ്രദ്ധ നേടി. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്കൊപ്പം സുരേഷ് ഗോപിയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
തൃശ്ശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത റോഡ് ഷോയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൃശ്ശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെയാണെന്ന് പ്രധാനമന്ത്രി നൽകിയ സൂചന ആയാണ് റോഡ് ഷോയിൽ പ്രധാനമന്ത്രിയുടെ വാഹനത്തിലെ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം വിലയിരുത്തപ്പെട്ടത്.
നേരത്തെ മകൾ ഭാഗ്യയുടെ വിവാഹം ക്ഷണിക്കാനായി സുരേഷ് ഗോപിയും കുടുംബവും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യൂഡൽഹിയിൽ സന്ദർശിച്ചിരുന്നു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കേരളത്തിൽ ഏറെ പ്രതീക്ഷയുള്ള സ്ഥാനാർത്ഥിത്വമാണ് സുരേഷ് ഗോപിയുടേത്.
Discussion about this post