ന്യൂഡൽഹി : മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദറുദ്ദീൻ അജ്മലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് ജനുവരി 20 നും 26 നും ഇടയിൽ മുസ്‌ലീങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നും ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണ് എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ ആവശ്യപ്പെട്ടിരുന്നത്. ബദറുദ്ദീൻ അജ്മലിനെയും ഒവൈസിയേയും പോലെയുള്ളവരാണ് സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വിമർശിച്ചു.
“ബിജെപി മുസ്ലീങ്ങളെ വെറുക്കുന്നവരല്ല. ‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്’ എന്ന ആപ്തവാക്യം ഉയർത്തിയാണ് ബിജെപി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് പ്രവർത്തിക്കുന്നത്. അയോധ്യ ഭൂമി തർക്ക കേസിലെ മുൻ വ്യവഹാരിയായ ഇഖ്ബാൽ അൻസാരിയെ അടക്കം രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹവും പ്രാർത്ഥനയിൽ പങ്കെടുക്കും. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട് എന്നാൽ ബദറുദ്ദീൻ അജ്മൽ, ഒവൈസി തുടങ്ങിയവർ സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണ് ചെയ്യുന്നത്” എന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.
ബിജെപി നമ്മുടെ മതത്തിന്റെ ശത്രുവാണ് എന്നായിരുന്നു എഐയുഡിഎഫ് മേധാവി വിവാദ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നത്. അതിനാൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് ജനുവരി 20 നും 26 നും ഇടയിൽ മുസ്ലീങ്ങൾ ആരും വീടിന് പുറത്തിറങ്ങരുതെന്നും ട്രെയിനുകളിൽ യാത്ര ചെയ്യരുതെന്നും ബദറുദ്ദീൻ അജ്മൽ മുസ്ലിം വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post