വാരാണസി: വളരെ വ്യത്യസ്തമായ ഒരു യാത്രയിൽ കൂടെ ശ്രദ്ധ നേടുകയാണ് വാരണാസിയിൽ നിന്നുള്ള നസ്നീൻ അൻസാരി, നജ്മ പർവിൻ എന്ന രണ്ട് മുസ്ലീം സ്ത്രീകൾ. രാമ ജ്യോതിയുമായി അവർ നടത്തുന്ന യാത്രയാണ് അവരെ ഭാരതത്തിന്റെ തന്നെ ശ്രദ്ധ കേന്ദ്രമാക്കുന്നത്. രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ മുസ്ലീങ്ങളാരും പുറത്തിറങ്ങരുതെന്ന് തുടങ്ങിയ ആഹ്വാനങ്ങൾ പുരോഹിതന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോഴാണ് ഇന്ത്യക്കാരുടെ മുഴുവൻ ഡി എൻ എ ഒന്നാണെന്നും അതിനാൽ രാമൻ നമ്മുടെ എല്ലാവരുടെയും സ്വന്തമാണെന്ന സന്ദേശവുമായി ഭാരതത്തിലെ ഏറ്റവും വലിയ രണ്ട് പുണ്യ സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള ഇവരുടെ യാത്ര.
അവരുടെ യാത്രയ്ക്ക് വാരണാസിയിൽ ദോംരാജ് ഓം ചൗധരിയും പതൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് തുടക്കം കുറിക്കും . അയോധ്യയിൽ എത്തുമ്പോൾ മഹന്ത് ശംഭു ദേവാചാര്യ ‘രാംജ്യോതി’ അവർക്ക് കൈമാറും.
ഞായറാഴ്ച ‘രാംജ്യോതി’യുമായി ഇരുവരും വാരണാസിയിലേക്ക് മടങ്ങും. അതോടൊപ്പം അയോധ്യയുടെ മണ്ണും സരയൂ നദിയിലെ പുണ്യജലവും വാരണാസിയിൽ എത്തിക്കും. ജനുവരി 21ന് രാംജ്യോതി വിതരണം ആരംഭിക്കും
വാരണാസിയിൽ തിരിച്ചെത്തിയ ശേഷം, തങ്ങളുടെ പൂർവ്വികൻ ശ്രീരാമനാണെന്നും മുസ്ലീങ്ങളുൾപ്പെടെ ഓരോ ഇന്ത്യക്കാരനും ഒരേ ഡിഎൻഎയാണ് പങ്കിടുന്നതെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനായി രണ്ട് സ്ത്രീകളും മുസ്ലീം പ്രദേശങ്ങളിലൂടെ ‘രാംജ്യോതി’ കൊണ്ടുപോകും.
ആരാണ് നസ്‌നീൻ അൻസാരി?
ചില്ലറക്കാരിയല്ല നസ്‌നീൻ അൻസാരി. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മുസ്ലീം വിമൻ ഫൗണ്ടേഷന്റെ പ്രസിഡന്റാണ് അവർ , ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ കോൺഫ്ലിക്റ്റ് മാനേജ്‌മെന്റിൽ ബിരുദം കരസ്ഥമാക്കിയ നസ്‌നീൻ . ഹനുമാൻ ചാലിസയും രാംചരിത് മനസ്സും ഉറുദു ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് . പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസാണ് നസ്നീന്റെ ഗുരു
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രാമൻ നമ്മുടെ പൂർവ്വികനാണ്. ഒരു വ്യക്തിക്ക് അവന്റെ മതം മാറാം, പക്ഷേ പൂർവ്വികനെ മാറ്റാൻ കഴിയില്ല. മക്ക മുസ്ലീങ്ങൾക്കുള്ളത് പോലെ, അയോധ്യ ഹിന്ദുക്കൾക്കും ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കും പുണ്യസ്ഥലമാണ്, നസ്നീൻ പറഞ്ഞു.
ആരാണ് നജ്മ പർവിൻ?
വിശാൽ ഭാരത് സൻസ്ഥാനിൽ നിന്നുള്ള നജ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിഎച്ച്‌യുവിൽ നിന്ന് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. മുസ്ലീം ഡയലോഗ് സെന്റർ വഴി, അവർ രാജ്യത്തുടനീളമുള്ള മുസ്ലീങ്ങളുമായും ഹിന്ദുക്കളുമായും ആശയവിനിമയം നടത്തുന്നു.
മുസ്‌ലിം സ്ത്രീകളുടെ അവകാശത്തെ ഹനിച്ചു കൊണ്ടിരുന്ന മുത്തലാഖിനെതിരെ ശക്തമായി പോരാടിയവരാണ് നജ്മയും നസ്‌നീനും










