എറണാകുളം : കൊച്ചി സുഭാഷ് പാർക്കിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. പാർക്കിൽ കായലോരത്തെ ഇരിപ്പിടത്തിന് തണൽ നൽകിയിരുന്ന അക്കേഷ്യ മരങ്ങളാണ് കോർപ്പറേഷൻ അധികൃതർ മുറിച്ച് നീക്കുന്നത്. പാർക്കിൽ വിവിധ ഇടങ്ങളിലായുള്ള 15 അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റാൻ ആണ് കോർപ്പറേഷൻ തീരുമാനം.
ഇതിനകം സുഭാഷ് പാർക്കിലെ മൂന്ന് അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രഭാതസവാരിക്കും സായാഹ്നസവാരിക്കും പാർക്കിൽ എത്തുന്നവർ പലപ്പോഴും ഈ അക്കേഷ്യ മരങ്ങളുടെ തണലിലാണ് വിശ്രമിക്കാറുള്ളത്. പാർക്കിൽ എത്തുന്നവരുടെ സുരക്ഷയെ കരുതിയാണ് മരങ്ങൾ മുറിച്ചു മാറ്റുന്നതെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
അക്കേഷ്യ മരങ്ങളുടെ പൂവുകൾ അലർജിയും ശ്വാസതടസ്സവും ഉണ്ടാക്കാൻ കാരണമാകുന്നതാണെന്നാണ് കോർപ്പറേഷൻ അറിയിക്കുന്നത്. പാർക്കിൽ എത്തുന്ന പ്രായമായവർ അടക്കമുള്ളവർക്ക് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനിച്ചതെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
എന്നാൽ അക്കേഷ്യ മരത്തിന്റെ പൂവ് അലർജിയോ ശാസതടസമോ ഉണ്ടാക്കുന്നുണ്ടോ എന്ന് ശാസ്ത്രീയ പഠനം ഒന്നും നടത്താതെയാണ് മരം മുറിച്ചു നശിപ്പിക്കുന്നത് എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സുഭാഷ് പാർക്ക് തൊട്ടടുത്തുള്ള ബോട്ട് ജെട്ടിയിൽ അടക്കം അക്കേഷ്യ മരങ്ങൾ പൂവിട്ട് നിൽക്കുന്നുണ്ട്. എന്നാൽ ആ മരങ്ങളെക്കുറിച്ച് ആർക്കും പരാതി ഒന്നുമില്ല എന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post