കൊൽക്കത്ത: തൃണമൂൽ നേതാവിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ വിചിത്ര നടപടിയുമായി ബംഗാൾ പോലീസ്. സംഭവത്തിൽ ഇഡിയ്‌ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. തൃണമൂലിന്റെ പരാതിയിൽ ആണ് പോലീസ് നടപടി.
തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. ഏറെ നേരം കോളിംഗ് ബെല്ല് അടിച്ചിട്ടും വാതിലിൽ മുട്ടി വിളിച്ചിട്ടും ആരും പുറത്തേക്ക് വന്നില്ല. ഇതേ തുടർന്ന് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വേണ്ടി വീടിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് ഇഡിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
ഇഡിയ്‌ക്കെതിരെ കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കേസ് എടുത്ത് മമതയുടെ പോലീസ് പ്രതികാരം ചെയ്യുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം സംഭവത്തിൽ തൃണമൂൽ പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട് പോലീസ് പറഞ്ഞു. ഇഡി ഉദ്യോദസ്ഥരെയും സിആർപിഎഫ് അംഗങ്ങളെയും ആക്രമിച്ചതിലാണ് കേസ് എടുത്തിട്ടുള്ളത്. ഇഡി നൽകിയ മറ്റൊരു പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.









