ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് എതിരെ വിദ്വേഷപരാമർശം നടത്തിയ മന്ത്രി മറിയം ഷിവുനയെ തള്ളി കൈകഴുകി മാലിദ്വീപ്. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും മാലിദ്വീപ് സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും മാലിദ്വീപ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വിദേശ നേതാക്കൾക്കും ഉയർന്ന റാങ്കിലുള്ള വ്യക്തികൾക്കും എതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപകീർത്തികരമായ പരാമർശങ്ങൾ മാലിദ്വീപ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.. ഈ അഭിപ്രായങ്ങൾ വ്യക്തിപരവും മാലിദ്വീപ് സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ല,’ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തപരമായും വിനിയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു, വിദ്വേഷവും നിഷേധാത്മകതയും മാലിദ്വീപും അതിന്റെ അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തിന് തടസ്സം നിൽക്കുന്നു. മാത്രമല്ല, സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികൾ ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കരുതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മന്ത്രി മറിയം ഷിവുനയ്‌ക്കെതിരെ മാലദ്വീപ് മുൻ പ്രസിഡന്റ് രംഗത്തെത്തി. ഭയപ്പെടുന്ന ഭാഷാപ്രയോഗമാണ് മാലദ്വീപ് മന്ത്രി നടത്തിയതെന്നു മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു.
മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദും നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. മാലദ്വീപിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം എന്നായിരുന്നു മാജിദിന്റെ പ്രസ്താവന. മന്ത്രിമാർ വാക്കുകൾ സൂക്ഷിക്കണമെന്നു മുഹമ്മദ് നഷീദ് പറഞ്ഞു.
മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നൽകുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണു പ്രയോഗിക്കുന്നത്. സർക്കാർ ഇത്തരം അഭിപ്രായങ്ങളിൽനിന്ന് അകന്നുനിൽക്കുകയും അവ സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നൽകുകയും വേണം” നഷീദ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനത്തിനിടെ സ്‌നോർകെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേതു മാസ്മരിക ഭംഗിയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിക്കുകയും ചെയ്തിരുന്നു. സഞ്ചാരികൾ തങ്ങളുടെ പട്ടികയിൽ ലക്ഷദ്വീപിനെക്കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇത് മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മന്ത്രിമാർ നരേന്ദ്രമോദിക്കെതിരെ പ്രസ്താവന നടത്തിയത്.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ ‘മാലദ്വീപിനെ ബഹിഷ്‌കരിക്കുക’ എന്ന പരാമർശവുമായി നിരവധിപ്പേരാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തിയത്. നിരവധി പേർ മാലിദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം തിരുത്തിയെന്ന് പറഞ്ഞ് കുറിപ്പുകൾ പങ്കുവയ്ക്കുന്നുണ്ട്.
Discussion about this post