കണ്ണൂർ : സംഘ ആദർശങ്ങൾക്കായി പ്രവർത്തിച്ചതിന്റെ പേരിൽ കേരളത്തിൽ നിന്നും ആദ്യത്തെ ബലിദാനിയായി മാറിയ വാടിക്കൽ രാമകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ബിജെപി ഓർഗനൈസിംഗ് സെക്രട്ടറി. വാടിക്കൽ രാമകൃഷ്ണന്റെ തലശ്ശേരിയിലെ കുടുംബവീട്ടിൽ എത്തിയാണ് കേരള ബിജെപിയുടെ പുതിയ സംഘടന സെക്രട്ടറിയായ സുഭാഷ് കണ്ണോത്ത് വീര ബലിദാനിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്.
വാടിക്കൽ രാമകൃഷ്ണന്റെ ഭാര്യ ലീല, അനുജൻ ഉണ്ണി , ഭാര്യ , കുട്ടികൾ എന്നിവരെ സുഭാഷ് കണ്ണോത്ത് കണ്ടു സംസാരിച്ചു. അവരുടെ വാക്കുകൾ ഏറെ പ്രേരണാദായകമായെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത ശൈലിയിലുള്ള സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനാവുന്ന വ്യക്തിയാണ് സുഭാഷ് കണ്ണോത്ത്. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം നിരവധി മുൻകാല സ്വയംസേവകരുടെയും ബലിദാനികളുടെയും കുടുംബങ്ങളെ സന്ദർശിച്ചുവരികയാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യത്തെ ബലിദാനി ആയിരുന്നു വാടിക്കൽ രാമകൃഷ്ണൻ. ആർഎസ്എസ് മുഖ്യശിക്ഷകും ജനസംഘം പ്രവർത്തകനുമായിരുന്ന കാലത്താണ് വാടിക്കൽ രാമകൃഷ്ണൻ ക്രൂരമായി കൊല്ലപ്പെടുന്നത്. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിൽ തയ്യൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന വാടിക്കൽ രാമകൃഷ്ണൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പോലീസ് എഫ് ഐ ആർ അനുസരിച്ച് ഇന്നത്തെ കേരള മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു ഈ കൊലപാതകത്തിലെ ഒന്നാം പ്രതി. എന്നാൽ സംഭവത്തിൽ തെളിവുകൾ ഇല്ല എന്ന് ചൂണ്ടിക്കാണിച്ച് കോടതി ഈ കേസ് അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post