ന്യൂഡൽഹി: സർക്കാർ വസതി ഒഴിയാത്തതിന് മുൻ തൃണമൂൽ ലോക്‌സഭാ എംപി മഹുവ മൊയ്‌ത്രക്ക് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന്റെ നോട്ടീസ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ഡിഒഇയുടെ നിർദ്ദേശം. ലോകസഭയിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം സർക്കാർ വസതിയൊഴിയാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ മഹുവ മൊയ്ത്ര സമീപിച്ചിരുന്നെങ്കിലും ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. സർക്കാർ വസതിയിൽ തുടരാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ഡിഒഇയെ സമീപിക്കാനാണ് ഡൽഹി ഹൈക്കോടതി ടിഎംസി നേതാവിനോട് ജനുവരി 4ന് ആവശ്യപ്പെട്ടത്. ടെലഗ്രാഫി ലൈനിലെ ഒമ്പതാം നമ്പർ വസതി ഏറെക്കാലമായി മഹുവ മൊയ്ത്ര ഉപയോഗിച്ചു വന്നിരുന്നതാണ്.
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഹുവയെ ലോകസഭയിൽ നിന്നും പുറത്താക്കിയത്. മഹുവ തന്റെ ലോക്സഭാ പോർട്ടൽ ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയിൽ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും സ്വീകരിച്ച മഹുവ തന്റെ പേരിൽ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ വ്യവസായിയെ അനുവദിച്ചെന്നാണ് കണ്ടെത്തൽ.
Discussion about this post