അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 2024 നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനായി അദ്ദേഹം ഗുജറാത്തിൽ എത്തി. ജനുവരി 10 മുതൽ 12 വരെയാണ് ഉച്ചകോടി നടക്കുക. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് ഈ വർഷത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിഷയം. 34 രാജ്യങ്ങളും 6 പങ്കാളി സംഘടനകളും ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയുടെ പത്താം പതിപ്പാണിത്.
ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ രാവിലെ 9.45നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകോത്തര അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ട്രേഡ് ഷോയിൽ കമ്പനികൾ പ്രദർശിപ്പിക്കും. ഇ-മൊബിലിറ്റി, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ബ്ലൂ ഇക്കോണമി, ഗ്രീൻ എനർജി, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ട്രേഡ് ഷോയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
2003ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം ഈ സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉച്ചകോടി വിനിയോഗിക്കും. അതേസമയം, ഉച്ചകോടിയിലും വ്യാപാര പ്രദർശനത്തിലും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഗുജറാത്തിലെ ടെസ്‌ല പ്ലാന്റും ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post