മുംബൈ : മഹാരാഷ്ട്രയിൽ ശിവസേനയുടെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരിൽ പുതിയ വഴിത്തിരിവ്. ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ‘യഥാർത്ഥ ശിവസേന’ ആയി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. ഇതോടെ ഉദ്ദവ് താക്കറെ വിഭാഗത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറിയ 16 ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ വിഭാഗം നൽകിയ എല്ലാ അപേക്ഷകളും സ്പീക്കർ തള്ളി.
മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ ആണ് എംഎൽഎമാരെ അയോഗ്യരാക്കാനായി ഉദ്ദവ് താക്കറെ വിഭാഗം നൽകിയ അപേക്ഷകൾ തള്ളിയത്. ഈ വിഷയത്തിൽ തീരുമാനമെടുക്കാനായി സുപ്രീംകോടതിയാണ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കറെ ചുമതലപ്പെടുത്തിയിരുന്നത്. 2022 ലാണ് മഹാരാഷ്ട്രയിൽ ശിവസേന പിളർന്ന് ഏകനാഥ് ഷിൻഡെ വിഭാഗവും ഉദ്ദവ് താക്കറെ വിഭാഗവും ആയി മാറിയിരുന്നത്.
2022 ജൂണിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിലെ 55 എംഎൽഎമാരിൽ 37 പേർ കൂറുമാറുകയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയുടെ പുതിയ ഗ്രൂപ്പ് ആയി മാറുകയും ചെയ്തതോടെയാണ് ഉദ്ദവ് താക്കറെ സർക്കാർ താഴെ വീണത്. തുടർന്ന് ബിജെപിയുടെ പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു.
Discussion about this post