ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ട്വിറ്റർ പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ആലപിച്ച ഹനുമാൻ ചാലിസ പങ്കുവച്ചതിലുള്ള സന്തോഷം പങ്കുവച്ച് സൂര്യഗായത്രി. രാമ മന്ദിരം ഉയരുന്ന ഈ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്നാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് സൂര്യഗായത്രി കുറിച്ചത്. താൻ ആലപിച്ച ചാലിസ പങ്കുവച്ചതിൽ സൂര്യഗായത്രി പ്രധാനമന്ത്രിക്ക് നന്ദിയും അറിയിച്ചു.
‘എന്റെ മനോഹരമായ ഭജന പങ്കിട്ടതിന് ഞങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിക്ക് വളരെ നന്ദി.
ശ്രീരാമൻ വീണ്ടും നാട്ടിലേക്ക് തിരികെ വരുന്ന ഈ കാലഘട്ടത്തിൽ ജനിച്ചതിൽ വളരെ സന്തോഷമുണ്ട്. ചെറുപ്പം മുതലേ അദ്ദേഹത്തെ സ്തുതിച്ചുകൊണ്ട് ഭജനകൾ ആലപിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണ്. നമുക്ക് ആഘോഷിക്കാം’- സൂര്യഗായത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രാണപ്രതിഷ്ഠയുടെ ദിവസം വീടുകളിൽ ഹനുമാൻ ചാലിസ ആലപിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി ട്വിറ്ററിൽ സൂര്യഗായത്രി പാടിയ ഹനുമാൻ ചാലിസ ആണ് പങ്കുവച്ചത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാജ്യമെമ്പാടുമുള്ള എല്ലാ ഭക്തരും വീടുകളിൽ ഭദ്രദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്നേദിവസം രാജ്യമെമ്പാടും ദീപാവലിപോലെ ആഘോഷിക്കണമെന്നും പ്രാണപ്രതിഷ്ഠ കഴിഞ്ഞാൽ എല്ലാവരും ക്ഷേത്രത്തിൽ എത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.








