ന്യൂഡൽഹി : 2024ലെ സ്വച്ഛ് സർവേക്ഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഴാം തവണയും ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഈ വർഷം ഇൻഡോറിനോടൊപ്പം തന്നെ സൂറത്തും ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിട്ടു. രാഷ്ട്രപതി ദൗപതി മുർമ്മു ആണ് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഉള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഏറ്റവും ശുചിത്വമുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സംസ്ഥാനങ്ങൾ. നഗരങ്ങളിൽ ഇൻഡോറും സൂറത്തും കഴിഞ്ഞാൽ ഏറ്റവും വൃത്തിയുള്ള നഗരം നവി മുംബൈ ആണ്. മികച്ച ഗംഗാതീര പട്ടണങ്ങളിൽ വാരണാസി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സ്വച്ഛ് ഭാരത് മിഷൻ-അർബന്റെ ഭാഗമായി 2016ലാണ് എല്ലാവർഷവും രാജ്യത്തെ വൃത്തിയുള്ള നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കുമായി സ്വച്ഛ് സർവേക്ഷൻ പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. കേന്ദ്ര ശുചിത്വമിഷന്റെ നേരിട്ടുള്ള വിലയിരുത്തലിനോടൊപ്പം ഓൺലൈൻ റാങ്കിംഗും പുരസ്കാര നിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1.58 കോടി ആളുകളാണ് ശുചിത്വ നഗരങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗിൽ പങ്കാളികളായത്.
Discussion about this post