ന്യൂഡൽഹി: സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജവും ചടുലതയും നിറഞ്ഞ, സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും സന്ദേശങ്ങളും യുവാക്കളെ എല്ലായ്പ്പോഴും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
27ാമത് ദേശീയ യുവജനോത്സവം ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകും. എല്ലാവർഷവും സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 മുതൽ 16 വരെ ദേശീയ യുവജനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷത്തെ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത് മഹാരാഷ്ട്രയാണ്. ”വികസിത് ഭാരത് 2047: യുവാ കേലിയേ, യുവാ കെ ദ്വാരാ’ എന്നതാണ് ഈ വർഷത്തെ ഫെസ്റ്റിവലിന്റെ ആശയം.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന മനോഭാവത്തോടെ, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും ഐക്യമുള്ള ഒരു രാഷ്ട്രത്തിനായുള്ള അടിത്തറ ശക്തിപ്പെടുത്താനും കഴിയുന്ന ഒരു വേദി സൃഷ്ടിക്കാനാണ് എൻ.വൈ.എഫ് ശ്രമിക്കുന്നത്. നാസിക്കിൽ നടക്കുന്ന ഫെസ്റ്റിവലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7500ത്തോളം യുവജന പ്രതിനിധികൾ പങ്കെടുക്കും. സാംസ്‌കാരിക പ്രകടനങ്ങൾ, തദ്ദേശീയ കായികവിനോദങ്ങൾ, ഡിക്ലമേഷൻ ആന്റ് തീമാറ്റിക് അവതരണം, യുവകലാകാരന്മാരുടെ ക്യാമ്പ്, പോസ്റ്റർ നിർമ്മാണം, കഥാരചന, യൂത്ത് കൺവെൻഷൻ, ഫുഡ് ഫെസ്റ്റിവൽ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
Discussion about this post