പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ നടന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെ രാവിലെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ നടന്നു. സമൂഹപെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പേട്ടതുള്ളൽ നടന്നത്. അമ്പലപ്പുഴ ദേശവുമായി ബന്ധപ്പെട്ട ഏഴു കരകളിൽ നിന്നായി 300 -ഓളം സ്വാമിമാരാണ് പേട്ട തുള്ളിയത്.
വൈകീട്ടാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ നടക്കുക. ഉച്ചയ്ക്കുശേഷം മാനത്ത് തെളിയുന്ന നക്ഷത്രം സാക്ഷിയാക്കിയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. യോഗം പെരിയോൻ അമ്പാടത്ത് എകെ വിജയകുമാർ ആണ് ആലങ്ങാട്ട് സംഘത്തെ നയിക്കുക. ചിന്തുപാട്ടും കാവടിയാട്ടവും ആലങ്ങാട്ട് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ജനുവരി 15നാണ് മകരവിളക്ക്. ഇതിന് മുന്നോടിയായി വലിയ സജീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. ക്രമീകരണങ്ങൾക്കായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരും ശബരിമലയിലെത്തിയിട്ടുണ്ട്. മാളികപ്പുറം പരിസരം ഉൾപ്പെടെ പത്ത് സ്ഥലങ്ങളിലാണ് മകരവിളക്ക് കാണാനായി അവസരമൊരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിനത്തില്‍ വെർച്വൽ ക്യൂ വഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണം 50,000 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. തലേദിവസം 40,000 പേർക്ക് മാത്രമാണ് ബുക്കിംഗ് നടത്താനാകുക.
Discussion about this post