തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ തിങ്കളാഴ്ച അവധി. മകരപ്പൊങ്കൽ പ്രമാണിച്ചാണ് ജില്ലകളിൽ അവധി നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി. ഇതുമായി ബന്ധപ്പെട്ട് അതാത് ജില്ലകളിലെ കളക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കൽ, എന്നിവ ജില്ലകളിൽ ആഘോഷിക്കുന്നുണ്ട്. ഇത് പ്രമാണിച്ചാണ് അവധി നൽകിയിരിക്കുന്നത്. അവധി നൽകിയിരിക്കുന്ന ആറ് ജില്ലകളും തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ്. തമിഴ്നാട്ടിൽ തൈപ്പൊങ്കൽ വലിയ ആഘോഷമാണ്. മകരപ്പൊങ്കൽ പ്രമാണിച്ച് റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു.
അതേസമയം കാഞ്ഞിരപ്പള്ളി താലൂക്കിലും തിങ്കളാഴ്ച അവധിയാണ്. എരുമേലി പേട്ടതുള്ളൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉൾപ്പെടെ അന്നേ ദിവസം അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരിപാടികൾക്ക് മാറ്റമില്ല. പരീക്ഷകളും അന്നേ ദിവസം നടക്കും.
Discussion about this post