ബീജിങ് : ഭരണമാറ്റത്തോടെ മാലിദ്വീപുമായുള്ള സൗഹൃദം അരക്കിട്ടുറപ്പിക്കുകയാണ് ചൈന. അഞ്ചുദിവസത്തെ സന്ദർശനത്തിനായി ചൈനയിൽ എത്തിയിട്ടുള്ള മാലിദ്വീപിലെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. മാലിദ്വീപിന് പ്രത്യേക ഗ്രാന്റ് നൽകാനും ചൈന തീരുമാനിച്ചിട്ടുണ്ട്.
ടൂറിസം സഹകരണം ഉൾപ്പെടെയുള്ള 20 കരാറുകളിലാണ് മാലിദ്വീപും ചൈനയും ഒപ്പു വച്ചിരിക്കുന്നത്. ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ആയി തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ശ്രമങ്ങൾ ആണ് ഇരു രാജ്യങ്ങളും നടത്തുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഏറ്റവും വഷളായിരിക്കുന്ന ഈ സാഹചര്യത്തിൽ ചൈനയെ കൂട്ടുപിടിച്ച് പ്രതിസന്ധിയെ നേരിടാനുള്ള ശ്രമങ്ങളാണ് മാലിദ്വീപ് നടത്തുന്നത്.
ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ, ടൂറിസം സഹകരണം, ദുരന്ത സാധ്യതകളിൽ സഹകരണം, ബ്ലൂ ഇക്കോണമി തുടങ്ങിയ കരാറുകളിലാണ് മാലിദ്വീപും ചൈനയും ഒപ്പു വച്ചിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിന് 50 മില്യൻ യുഎസ് ഡോളറിന്റെ പദ്ധതി ഇരു രാജ്യങ്ങളും തയ്യാറാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അഞ്ചുദിവസം നീണ്ടുനിന്ന ചൈനീസ് സന്ദർശനത്തിനു ശേഷം മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വെള്ളിയാഴ്ച തിരികെ മടങ്ങി.
Discussion about this post