ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സർക്കാർ. ചടങ്ങിൽ പങ്കെടുക്കാൻ ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥർക്ക് ജനുവരി 22 ന് രണ്ട് മണിക്കൂർ പ്രത്യേക അവധിയാണ് അനുവദിച്ചത്.
ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ അടയാളപ്പെടുന്ന പ്രാദേശിക പരിപാടിയിൽ പങ്കെടുക്കാനായി ഈ അവധി വിനിയോഗിക്കാം. അയോദ്ധ്യയിലേക്കുള്ള ശ്രീരാമന്റെ മടങ്ങിവരവിന്റെ പ്രതീകമായതിനാൽ ഇന്ത്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സുപ്രധാന സംഭവമാണെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ പ്രതിഷ്ഠാ ചടങ്ങ് സംപ്രേക്ഷണം ചെയ്യുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു – 2020 ലെ ഭൂമി പൂജാ സമയത്ത് ടൈംസ് സ്‌ക്വയറിലെ പരസ്യബോർഡുകളിൽ ശ്രീരാമന്റെ ചിത്രങ്ങളും പൂജാദൃശ്യങ്ങളും പ്രദർശിപ്പിച്ചിരുന്നു. രാമക്ഷേത്രം തുറക്കുന്നത് പല രാജ്യങ്ങളിലെയും ജനങ്ങൾക്ക് ആഹ്ലാദകരമാണെന്ന് യുഎസിലെ തായ്ലൻഡ് അംബാസഡർ താനി സംഗ്രത് പറഞ്ഞു. തായ്ലൻഡിലെ മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള നിരവധി രാജ്യങ്ങളിലും ഏഷ്യാ പസഫിക്കിലുടനീളം നമ്മുടെ പൊതു സംസ്‌കാരം ആഘോഷിക്കപ്പെടുന്നതും രാമൻ തിരികെ ഭവനത്തിലേക്ക് വരുന്നതും ജനങ്ങളുടെ സന്തോഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Discussion about this post