മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനത്ത് കൂടി മത്സരിക്കാനുള്ള സാധ്യത തേടി മുസ്ലീം ലീഗ്. നിലവിൽ കേരളത്തിലും (രണ്ടു സീറ്റ്) തമിഴ്നാട്ടിലുമാണ് (ഒരു സീറ്റ്) മത്സരിക്കുന്നത്. ഇതിനുപുറമേ മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി മത്സരിക്കണമെന്നാണ് ആലോചന.
ഇന്നലെ മലപ്പുറത്ത് ചേർന്ന ദേശീയ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ഉത്തരേന്ത്യയിൽ മത്സരിക്കാനുള്ള സാഹചര്യമുണ്ടെന്നും അഭിപ്രായമുയർന്നു. നേരത്തേ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാമതൊരു സംസ്ഥാനത്തുകൂടി മത്സരിക്കാനുള്ള സാധ്യത പരിശോധിക്കുന്നത്.
കേരളത്തിൽ എത്രസീറ്റിൽ മത്സരിക്കുമെന്ന് പറയാനായിട്ടില്ലെന്ന് യോഗശേഷം ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. മൂന്നാംസീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ലീഗിനെ മൂന്ന് സീറ്റിലും ഒതുക്കേണ്ടതില്ലെന്നും മുന്നണിയുടെ ഭാഗമാകുമ്പോൾ ചർച്ചകളും വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം ശക്തമാക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മണ്ഡലമായ കണ്ണൂരായിരിക്കും ആവശ്യപ്പെടുക. കണ്ണൂര്‍ ലഭിച്ചില്ലെങ്കില്‍ വയനാട്, വടകര, കാസര്‍കോട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ആവശ്യപ്പെടാനാണ് ലീഗില്‍ ആലോചന. യുഡിഎഫ് യോഗത്തില്‍ സീറ്റ് ആവശ്യം ഉന്നയിക്കാനാണ് ലീഗ് തീരുമാനം












