ബംഗലൂരു: ശ്മശാനത്തിന് സമീപം ആളൊഴിഞ്ഞ പ്രേതപ്പറമ്പ് പോലെ മൂകമായി ഒരു സര്‍ക്കാര്‍ ആശുപത്രി കെട്ടിടം. കര്‍ണാടകയിലെ കലബുറഗിയിലാണ് ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ പ്രസവ മുറിയുണ്ട്. എന്നാല്‍ നാളിതുവരെയും ഇവിടെ ഒരു പ്രസവം പോലും നടന്നിട്ടില്ല എന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ബംഗലൂരുവില്‍ നിന്നും 700 കിലോമീറ്റര്‍ അകലെ ബിദാറിലെ ബഗദല്‍ ഗ്രാമത്തിലാണ് ഈ ആശുപത്രി. ശ്മശാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിശാച് ബാധയേല്‍ക്കും എന്ന് വിശ്വസിക്കുന്ന ഗ്രാമവാസികള്‍ ആരും തന്നെ ഈ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല.
ഈ ആശുപത്രിയെ പൂര്‍ണമായും തിരസ്കരിച്ച ഗ്രാമവാസികള്‍ പ്രസവത്തിനും മറ്റുമായി ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രതിവര്‍ഷം ദര്‍ശനത്തിനെത്തുന്ന ഒരു ദര്‍ഗയും നിഗൂഢമായ ആശുപത്രിക്ക് സമീപം ഉണ്ട്.
സര്‍ക്കാര്‍ ഭൂമി ആയതിനാലാണ് ശ്മശാനത്തിന് സമീപം ആശുപത്രി നിര്‍മ്മിച്ചത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ആശുപത്രിയിലെ ഭൂരിപക്ഷം വാര്‍ഡുകളും തുറക്കുന്നത് ശ്മശാനത്തിലേക്കാണ്. തുറസ്സായതും അല്ലാത്തതുമായ നിരവധി കുഴിമാടങ്ങളാണ് ഇവിടെയുള്ളത്.
മികച്ച സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ആരും തന്നെ ഇതുവരെയും ഈ ആശുപത്രിയില്‍ പ്രസവിക്കാന്‍ തയ്യാറായിട്ടില്ല. ഇരുപതോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഉപകരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ചതാണ് ഈ ആശുപത്രി.
അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കി ചികിത്സയ്ക്ക് വരാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ക്ഷണിച്ചെങ്കിലും ഗ്രാമവാസികള്‍ അതിനൊയെക്കെ അവഗണിക്കുകയാണ്. പനി, ജലദോഷം തുടങ്ങിയ ചെറിയ രോഗങ്ങള്‍ക്ക് ചിലര്‍ ഈ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്താറുണ്ടെങ്കിലും അഡ്മിറ്റ് ആയി ചികിത്സ തേടാന്‍ ഏവരും മടിക്കുകയാണ്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ശ്മശാനത്തിന് സമീപം, രോഗികളും ആളനക്കവുമില്ലാതെ ഭീതിദമായ നിശബ്ദതയില്‍ നിലകൊള്ളുകയാണ് ഇപ്പോഴും ഈ സര്‍ക്കാര്‍ സ്ഥാപനം.
Discussion about this post