കോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയിലെ ഓരോ കോണും ഓരോ പ്രത്യേകതകളാൽ നിറഞ്ഞതാണ്. പല സംസ്‌കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യകുലത്തിന്റെ ഭക്ഷ്യ സംസ്‌കാരവും വേറിട്ടതാണ്. ചിലപ്പോൾ നമുക്ക് ഓക്കാനിക്കാൻ വരുന്ന രീതിയിലുള്ള വിഭവങ്ങൾ പോലും പലവശംങ്ങളുടെയും പ്രിയവിഭവങ്ങളാണ്. എന്നാൽ ഓരോ വിഭവവും ഓരോ ദേശത്തിന്റെ കഥയാണ് പറയുന്നത്.
അത്തരത്തിലുള്ള ഒരിന്ത്യൻ തനത് വിഭവത്തിന് ലോകത്തിന്റെ അംഗീകാരം കിട്ടിയ വാർത്തയാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ചുവന്ന ഉറുമ്പുകളെ കൊണ്ട് ഉണ്ടാക്കുന്ന ചട്ണിയാണ് ഈ വിഭവം.നൂറ്റാണ്ടുകളായി ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഗോത്രവർഗക്കാർ തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി ഉറുമ്പ് ചമ്മന്തി കഴിക്കാറുണ്ട്. തങ്ങളുടെ പോഷകാവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് അവർ ഉറുമ്പിനെ പല വിഭവങ്ങളാക്കി കഴിക്കാറുണ്ട്.
ഇപ്പോഴിതാ ഈ ചമ്മന്തിക്ക് കേന്ദ്രസർക്കാരിന്റെ ജിയോഗ്രഫിക്കൽ ഐഡന്റിക്കേഷൻ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്. സിമിലിപാൽ കൈ ചട്നി എന്നും ഇതറിയപ്പെടുന്നു. 2020ലാണ് ചമ്മന്തിക്ക് ജിഐ ടാഗ് ലഭിക്കാനായി ദ മയൂർഭഞ്ച് കൈ സൊസൈറ്റി അപേക്ഷ സമർപ്പിച്ചത്.
ചുവന്ന നിറത്തിലുള്ള പുളിയുറുമ്പിനൊപ്പം ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഈ സ്പെഷ്യൽ ചമ്മന്തി തയ്യാറാക്കുന്നത്. മയൂർഭഞ്ച് ജില്ലയിലെ കാടുകളിൽ വർഷം മുഴുവൻ സുലഭമായി ലഭ്യമാണ് ഈ ചുവന്ന ഉറുമ്പുകൾ. മരങ്ങളിലെ ഇലകൾ തുന്നിക്കൂട്ടിയാണ് ഇവ കൂടുകൾ നിർമിക്കുന്നത്. ഇവിടുത്തെ പ്രാദേശിക ഭാഷയിൽ ‘കൈ പിംപുഡി’ എന്നാണ് ഉറുമ്പ് അറിയപ്പെടുന്നത്. മലയാളത്തിൽ പുളിയുറുമ്പ്, നീർ എന്നിങ്ങനെയാണ്
ഇതിൻറെ രുചിയെക്കാൾ ഗുണമാണ് ഏറെ സവിശേഷം. ധാരാളം പ്രോട്ടീൻ, കാത്സ്യം, സിങ്ക്, വൈറ്റമിൻ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണത്ര ഇത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളർച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിൻറെ സുഗമമായ പ്രവർത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം മികച്ചത്.
ഗോത്രവർഗ ഭക്ഷ്യമേളകൾ സംഘടിപ്പിച്ച് ആദിവാസി സമൂഹത്തിന് പുറത്ത് ഉറുമ്പ് ചമ്മന്തിയെ ജനപ്രിയമാക്കാൻ ശ്രമിക്കുകയാണെന്ന് മയൂർഭഞ്ച് കൈ സൊസൈറ്റി സെക്രട്ടറി നയാർധാർ പധിയാൽ പറയുന്നു.












