ന്യൂഡൽഹി : ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിദ്വേഷം ആണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകളുമായി നിരവധി കോൺഗ്രസ് നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തുന്നത്. ഇന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നടത്തിയ ഒരു പ്രസ്താവനയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
രാമ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ സ്വയം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദോഷം ചെയ്യും എന്നാണ് മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടിരിക്കുന്നത്. “ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മതമാണ് ഹിന്ദുമതം. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പിന്തുടരുന്ന മതമാണത്. അതേസമയം ഹിന്ദുത്വം ഒരു രാഷ്ട്രീയ തത്വശാസ്ത്രമാണ്. ഭൂരിഭാഗം ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യുന്നവരല്ല. അതിനാൽ തന്നെ മോദി ഹിന്ദുത്വത്തിനെ പ്രീതിപ്പെടുത്താനായി ചെയ്യുന്ന എല്ലാ കാര്യങ്ങളും ദോഷകരമായി ഭവിക്കും” എന്നാണ് മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടത്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന രാജീവ് ഗാന്ധിയെ കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ പ്രകാശനത്തെ കുറിച്ചും മണിശങ്കർ അയ്യർ വ്യക്തമാക്കി. ബൊഫോഴ്‌സ് അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും അവയ്ക്ക് അടിസ്ഥാനമില്ലെന്നും അയ്യർ അഭിപ്രായപ്പെട്ടു. 1986ലെ 1437 കോടി രൂപയുടെ ബോഫോഴ്‌സ് പീരങ്കി ഇടപാടിൽ രാജീവ് ഗാന്ധി സർക്കാർ അഴിമതി നടത്തിയെന്ന ആരോപണം ഉയർന്ന സമയത്ത് രാജീവ് ഗാന്ധിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു മണിശങ്കർ അയ്യർ.
Discussion about this post