തിരുവനന്തപുരം : കഴിവ് പ്രദർശിപ്പിക്കുന്നതിനായുള്ള ഫ്രീക്കന്മാരുടെ അഭ്യാസങ്ങൾ റോഡിൽ വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡിൽ ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം. ഫ്രീക്കന്മാർ കാണിക്കുന്ന അഭ്യാസങ്ങൾ ഒക്കെ കഴിവ് തന്നെ ആയിരിക്കാം. പക്ഷേ അത് റോഡിൽ വച്ച് വേണ്ട. പ്രത്യേകം സ്ഥലം കണ്ടുപിടിക്കണം എന്നും കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
ഫ്രീക്കന്മാർ അഭ്യാസങ്ങൾ കാണിക്കാനായി പ്രത്യേകം സ്ഥലം കണ്ടെത്തിയാൽ നിയമപരമായ രീതിയിൽ അനുമതി നൽകാമെന്നും അറിയിച്ചു. സ്ഥലം കണ്ടുപിടിച്ച ശേഷം അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുവദിക്കും. വാഹനം ഓടിക്കുക എന്നതല്ല മറിച്ച് വാഹനം കൈകാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന 20 ചോദ്യങ്ങൾ എന്നതിൽ നിന്നും 30 ചോദ്യങ്ങൾ ആക്കി ഉയർത്തും. നേരത്തെ 20 ചോദ്യങ്ങളിൽ 12 ശരിയുത്തരങ്ങൾ നൽകിയാൽ ലേണേഴ്സ് പരീക്ഷ പാസാകാമായിരുന്നു. എന്നാൽ ഇനിമുതൽ 30 ചോദ്യങ്ങളിൽ 25 എണ്ണവും ശരിയാക്കിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാക്കുകയുള്ളൂ എന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു.
Discussion about this post