ന്യൂഡൽഹി: പൊങ്കൽ ആഘോഷത്തിനിടെ കുഞ്ഞുഗായികയ്ക്ക് താൻ ധരിച്ചിരുന്ന ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷത്തിനിടെയാണ് കുഞ്ഞുഗായികയെ അപ്രതീക്ഷിത സൗഭാഗ്യം തേടിയെത്തിയത്.
പൊങ്കൽ ആഘോഷവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടിക്കിടെ പാട്ട് പാടിയ പെൺകുട്ടിയെ പ്രധാനമന്ത്രി വേദിയിൽ നിന്നും അടുത്തേയ്ക്ക് വിളിയ്ക്കുകയായിരുന്നു. അടുത്ത് വന്ന് തന്റെ പാദം തൊട്ട് വന്ദിച്ച പെൺകുട്ടിയുടെ തലയിൽ തൊട്ട് അനുഗ്രഹിച്ച അദ്ദേഹം തന്റെ തോളിൽ കിടന്നിരുന്ന ഷാൾ പെൺകുട്ടിക്ക് കഴുത്തിലൂടെ ഇട്ടു കൊടുത്തു.
പൊങ്കൽ പരിപാടിക്ക് മുണ്ടുടുത്ത് എത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചടങ്ങിലെത്തിയ ശേഷം പൊങ്കൽ പാത്രത്തിൽ അരി പകർന്ന അദ്ദേഹം പിന്നീട് ഗോപൂജയും നടത്തി. ഇതിന് ശേഷം, എല്ലാവർക്കും പൊങ്കൽ ആശംസകൾ നേർന്ന അദ്ദേഹം സ്വന്തം കുടുംബത്തോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും പറഞ്ഞു.
‘ഈ മഹത്തായ ദിവസത്തിൽ എല്ലാവർക്കും പൊങ്കൽ ആശംസകൾ നേരുന്നു. എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സംതൃപ്തിയും നിറയട്ടെ എന്ന് ആശംസിക്കുകയും പ്രർത്ഥിക്കുകയും ചെയ്യുന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ സ്വന്തം ബന്ധുക്കളോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതു പോലെയാണ്’- അദ്ദേഹം പറഞ്ഞു. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വികാരമാണ് പൊങ്കൽ വരച്ചുകാട്ടുന്നത്. ഈ ഒത്തൊരുമയെന്ന വികാരം 2047ലെ വികസിത ഭാരതത്തിന് ശക്തിയേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുച്ചേരി ഗവർണർ, തലങ്കാന ഗവർണർ, കേന്ദ്രമന്ത്രി നിർമല സീതാരമൻ, സിനിമാ താരം മീന എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷവും കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിലെ തമിഴ്പുത്താണ്ട് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
Discussion about this post