ഡല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു മുഫ്തിയുടെ അന്ത്യം.
കടുത്ത നെഞ്ചുവേദനയേയും പനിയേയും തുടര്‍ന്ന് ഡിസംബര്‍ 24നാണ് മുഫ്തി മുഹമ്മദ് സെയ്ദിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്ന മുഫ്തിയുടെ ആരോഗ്യനില ഇന്ന് വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
അദ്ദേഹത്തിന്റെ മകള്‍ മെഹ്ബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രിയാകും. മുന്‍പ് നാഷനല്‍ കോണ്‍ഫറന്‍സിലും ഡമോക്രാറ്റിക് നാഷനല്‍ കോണ്‍ഫറന്‍സിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച മുഫ്തി 1999ലാണ് പിഡിപി രൂപീകരിച്ചത്.
1962ല്‍ നിയമസഭാംഗമായ ഇദ്ദേഹം 1975ല്‍ കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റായി. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരിക്കെ 1987ല്‍ കോണ്‍ഗ്രസ് വിട്ടു. 1989ല്‍ വി.പി. സിങ് മന്ത്രിസഭയില്‍, ഇന്ത്യയുടെ ആദ്യ മുസ്ലിം ആഭ്യന്തരമന്ത്രിയായി. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും 1999ല്‍ വീണ്ടും പാര്‍ട്ടി വിട്ടു. 2002ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ കശ്മീര്‍ മുഖ്യമന്ത്രിയായി.
Discussion about this post