മുംബൈ: ഡീപ്പ്ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. തന്റേതായി പ്രചരിക്കുന്ന ഡീപ്ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് സച്ചിൻ ടെൻഡുൽക്കർ ഇതിനെതിരെ പ്രതികരിച്ചത്. വീഡിയോ തന്റേതല്ലെന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വീഡിയോ ഗെയിം ആപ്പിനെ പിന്തുണച്ച് സച്ചിൻ സംസാരിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിച്ചിരിക്കുന്നത്. വീഡിയോയിൽ തന്റെ മകൾ ഈ വീഡിയോ ഗെയിംമിലൂടെ വലിയ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നത് കേൾക്കാം. സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള ദുരുപയോഗം അസ്വസ്ഥതകൾ ഉണ്ടാക്കിയെന്നും താരം വ്യക്താക്കി. ഇത്തരത്തിലുള്ള വീഡിയോകളും ഗെയിമുകളും ആപ്പുകളുമെല്ലാം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. ഇങ്ങനെയുള്ള സംഭവങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര, രശ്മിക മന്ദാന എന്നിവരുടെ ഡീപ്ഫെയ്ക് വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.








