ഹൈദരാബാദ് : ആന്ധ്രപ്രദേശ് കോൺഗ്രസിന്റെ തലപ്പത്തേക്ക് വൈ എസ് ശർമിള എത്തുമെന്ന് സൂചന. നിലവിലെ കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചു. ശര്മിറ കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തുന്നതോടെ നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും സഹോദരനുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി നേർക്കുനേർ പോരാട്ടം ഉണ്ടാകും എന്നാണ് സൂചന.
ഈ മാസം ആദ്യമാണ് വൈഎസ് ശർമിള തന്റെ വൈ എസ് ആർ തെലങ്കാന കോൺഗ്രസ് പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചുകൊണ്ട് പാർട്ടിയിലേക്ക് എത്തുന്നത്. തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ നൽകിക്കൊണ്ട് വൈ എസ് ആർ തെലങ്കാന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എന്നാൽ ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ശർമിള കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നത് സഹോദരൻ ജഗൻ മോഹൻ റെഡ്ഡിക്ക് തിരിച്ചടി ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ചില പ്രതിപക്ഷ പാർട്ടികൾ ചേർന്ന് കുടുംബത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആരോപണമുയർത്തിയിരുന്നു. ചിലർക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചനയ്ക്ക് വഴിയൊരുക്കുകയാണ് ഈ പാർട്ടികൾ എന്നും അദ്ദേഹം ആരോപിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആന്ധ്രപ്രദേശ് കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് വൈ എസ് ശർമിളയെ കൊണ്ടുവരാനുള്ള തീരുമാനം പാർട്ടി എടുത്തിരിക്കുന്നത്.
Discussion about this post