ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ അടുത്തിരിക്കെ രാജ്യത്തുടനീളം ആവേശത്തിന്റെ അലയൊലികൾ പടരുകയാണ്. ശ്രീരാമനോടുള്ള തങ്ങളുടെ അചഞ്ചലമായ ഭക്തി പ്രകടിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വൈവിധ്യമാർന്ന സമ്മാനങ്ങൾ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുകയാണ്. മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം സ്പിന്നർ ഡാനിഷ് കനേരിയ ഈ അവസരത്തിൽ തന്റെ ആവേശം സോഷ്യൽ മീഡിയയിൽ പങ്കിട്ടത് ശ്രദ്ധേയമാവുകയാണ്. ശ്രീരാമന്റെയും ക്ഷേത്രത്തിന്റെയും ചിത്രങ്ങളാൽ അലങ്കരിച്ച കാവി പതാകയ്ക്കൊപ്പം അഭിമാനത്തോടെ നിൽക്കുന്ന ഒരു ഫോട്ടോയാണ് കനേരിയ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പങ്കിട്ടത്.ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പേ ഉള്ളൂയെന്നും ജയ് ശ്രീറാം എന്നും അദ്ദേഹം കുറിച്ചു.
ഇതിന് മുൻപ് പാക് ക്രിക്കറ്റ് ടീമിൽ ഒരു ഹിന്ദുവായി തുടരുന്നതിന് താൻ അനുഭവിച്ച പീഡനങ്ങളും വിവേചനങ്ങളും കനേരിയ വെളിപ്പെടുത്തിയിരുന്നു. കടുത്ത മതവിവേചനമാണ് നേരിട്ടത്. അവരെന്നെ മതംമാറ്റാൻ പരിശ്രമിച്ചുവെന്ന് കനേരിയ ആരോപിച്ചിരുന്നു.
ഞാനൊരു തികഞ്ഞ സനാതനിയാണ്. ഭഗവാൻ ശ്രീരാമൻ എനിക്ക് ആദർശമാണ്. പാകിസ്താനിൽ എനിക്കെതിരെ ഉയർന്ന എല്ലാ ആക്ഷേപങ്ങളെയും ഞാൻ നേരിട്ടത് സനാതനധർമ്മതത്വങ്ങളെ ചൂണ്ടിക്കാട്ടിയാണ്. അവിടെ മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ വളരെ വലുതാണ്. ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത്. എനിക്ക് സംസാരിക്കാനുള്ള കരുത്ത് ഭഗവാൻ എത്ര കാലം തരുമോ അത്രയും കാലം ഞാൻ ഹിന്ദുധർമ്മത്തിന് വേണ്ടി സംസാരിക്കും. എല്ലാവരും എന്നെപ്പോലെ സംസാരിക്കണമെന്ന് ഞാൻ പറയും. തെറ്റിനെ തെറ്റെന്ന് പറയാനുള്ള ആർജവവും സനാതനധർമ്മം പകരുന്നതാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാൻ ബഹുമാനിക്കുന്നതിന്റെ അനേകം കാര്യങ്ങളിലൊന്ന് അദ്ദേഹം ലോകത്തിന് മുന്നിൽ സനാതനധർമ്മത്തെ ഉയർത്തിക്കാട്ടാൻ നടത്തുന്ന പരിശ്രമങ്ങളാണെന്നായിരുന്നു കനേരിയുടെ പരാമർശം.
Discussion about this post