കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹവാർത്തകളാണ് എങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചില തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മൂത്തമകനും നടനുമായ ഗോകുൽ സുരേഷ്. വിവാഹത്തിന് പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാൽ തന്റെ ഉത്തരവാദിത്വങ്ങൾ കൂടുതലാണെന്ന് ഗോകുൽ സുരേഷ് പറയുന്നു. അദ്ദേഹത്തിന്റെ സുരക്ഷ സർക്കാർ നോക്കിക്കോളും. പക്ഷേ മറ്റു പല കാര്യങ്ങൾക്കും സംസ്ഥാന സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗോകുൽ പറയുന്നു.
അദ്ദേഹം വരുന്നതുകൊണ്ട് ഒരുപാട് സജ്ജീകരണങ്ങൾ വേണം. കേരളാ പോലീസും മറ്റു ഉദ്യോഗസ്ഥരുമൊക്കെ ഞങ്ങളോട് വലിയ ഡിമാൻഡുകൾ ആണ് വയ്ക്കുന്നത്. രണ്ടു മണിക്കൂറിന്റെ ഗ്യാപ്പിൽ ഒക്കെയാണ് 600 ബാരിക്കേഡ് വേണമെന്നു വിളിച്ചു പറയുന്നത് പിന്നെ അത് സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ടി. ഇവന്റ് മാനേജ്മെന്റ് അത് ചെയ്യും, പക്ഷേ അവസാന നിമിഷം ഇങ്ങനെ ഡിമാൻഡ് വരുന്നത് അവർക്കും ബുദ്ധിമുട്ടാണെന്ന് ഗോകുൽ ചൂണ്ടിക്കാട്ടി. മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങൾ ആണ് ചെയ്യുന്നത്. ഇപ്പൊത്തന്നെ എത്രയോ കിലോമീറ്റർ തുണി വച്ച് മറച്ചിരിക്കുകയാണ്. ഇപ്പോൾ അതിന്റെ മൂന്നിരട്ടി ഏരിയ കൂടി കവർ ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. മറ്റുള്ളവർ പുറത്തുനിന്നു കാണുന്ന ചിരിയും സന്തോഷവും മാത്രമല്ല, അതിനോടൊപ്പം ഞങ്ങളുടെ ടെൻഷനും വളരെ വലുതാണെന്ന് ഗോകുൽ തുറന്നടിച്ചു.
അച്ഛൻ ഒരു വലിയ വ്യക്തിയാണ്. അതേസമയം, ഒരു പെൺകുട്ടിയുടെ അച്ഛൻ അവളുടെ വിവാഹദിവസം ഏറ്റെടുക്കുന്ന ചുമതലകളൊന്നും ഞങ്ങൾ അച്ഛന് കൊടുക്കില്ലെന്നും ഗോകുൽ പറയുന്നു. അച്ഛനെ അന്ന് ഫ്രീ ആക്കി വിട്ട് എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യും. അച്ഛൻ അവിടെ വന്നു നിന്നാൽ മാത്രം മതിയെന്നാണന്ന് ഗോകുൽ പറയുന്നത്.












