ടെഹ്‌റാൻ: ഇന്ത്യയുടെ സമീപ പ്രദേശങ്ങളിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഇത്തരം ഭീഷണികൾ ഇന്ത്യയുടെ ഊർജ, സാമ്പത്തിക താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും ഇത് ആർക്കും നല്ലതിനല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ .
ഇന്ത്യൻ മഹാസമുദ്രത്തിലും, ചെങ്കടൽ മേഖലയിലും ഇസ്രായേൽ ലക്ഷ്യമാക്കി പോകുന്ന ചരക്കു കപ്പലുകളും മറ്റും ഇറാൻ പിന്തുണയുള്ള യമനി വിമത ഗ്രൂപ്പ് ആയ ഹൂതികൾ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വരുന്നതെന്ന് ശ്രദ്ധേയമാണ്.
ഇറാൻ സന്ദർശനത്തിനിടെ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിച്ച ജയശങ്കർ പശ്ചിമേഷ്യയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിൽ ഇരു രാജ്യങ്ങൾക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കി, കാര്യങ്ങൾ കൈവിട്ടു പോകുന്നതിനോട് ആർക്കും താല്പര്യമില്ലെന്നും എന്നാൽ ഇന്ത്യക്ക് ദീർഘകാലമായി നിലനിൽക്കുന്നതും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്തതുമായ നിലപാട് ഏത് മാനത്തിലും രൂപത്തിലുമുള്ള തീവ്രവാദത്തിനെതിരെയും ഉണ്ടെന്ന് വ്യക്തമാക്കി. ഗാസയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ പ്രകോപനാത്മകമായ നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അതെ സമയം തന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
പാശ്ചാത്യ രാഷ്ട്രങ്ങളും ഇസ്രയേലും പൂർണ്ണമായും ശത്രുപക്ഷത്താണ് നിർത്തുന്നത് എങ്കിലും ഇന്ത്യയുടെ വാണിജ്യതാല്പര്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു രാജ്യമാണ് ഇറാൻ. ഇറാനിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഉയർന്നു വരുന്ന ചബഹാർ തുറമുഖം ഇന്ത്യയുടെ വ്യാപാര പുരോഗതിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പങ്കു വഹിക്കാൻ പോകുന്ന കേന്ദ്രമാണ്. അതിനാൽ തന്നെ ഇറാനെ തുറന്നെതിർക്കാൻ ഇന്ത്യയും, ഇന്ത്യൻ താല്പര്യങ്ങളെ ഹനിക്കാൻ ഇറാനും ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം ഇറാനോട് ഒരു മടിയും ഇല്ലാതെ വ്യക്തമാക്കുമ്പോഴും ഇറാനിൽ ഇന്ത്യൻ താല്പര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്ന അതി സങ്കീർണ്ണമായ നയതന്ത്രമാണ് ഇന്ത്യ പരീക്ഷിക്കുന്നത്
പാശ്ചാത്യ രാജ്യങ്ങളുടെ കാഴ്ചപ്പാടുകൾ ഇന്ത്യയുടെ നിലപാടുകളെ നിർണ്ണായകമായ രീതിയിൽ സ്വാധീനിച്ചിട്ടില്ല എന്നും എന്നാൽ ഇന്ത്യൻ താല്പര്യങ്ങളെ ഹനിക്കുന്ന ഒന്നും ഇന്ത്യ വച്ചുപൊറുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുമുള്ള ശക്തമായ സന്ദേശമാണ് ഇന്ത്യ ഇറാന് നൽകിയത്
ഇതിനെ തുടർന്ന് സംസാരിച്ച ഇറാനിയൻ വിദേശ കാര്യ മന്ത്രി ചെങ്കടലിലൂടെയുള്ള വ്യാപാരത്തെ ബാധിക്കുന്ന ഒന്നും തങ്ങൾ ചെയ്യില്ല എന്ന് ഹൂതികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും , അതേസമയം പലസ്തീനിൽ തുടരുന്ന ആക്രമണ പ്രവർത്തനങ്ങൾ ഉള്ളിടത്തോളം കാലം അവർ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകളെ തടയുമെന്നും പറഞ്ഞു. യമന് നേരെയുള്ള ആക്രമണം എത്രയും പെട്ടെന്ന് നിർത്താൻ അമേരിക്കയ്ക്ക് ഞങ്ങൾ താക്കീത് നൽകുന്നു എന്നും ഇറാൻ വിദേശ കാര്യമന്ത്രി ഹുസൈൻ അമിറാബ്‌ദോല്ലാഹിയാൻ അറിയിച്ചു.
ഇതോടു കൂടി ചെങ്കടലിൽ സങ്കീർണമായി തുടരുന്ന സാഹചര്യത്തിന് ഇസ്രായേൽ ഹമാസ് സംഘർഷം അവസാനിക്കാതെ ഒരു പരിസമാപ്തി ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
Discussion about this post