പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവാന്‍ ഇരു മുന്നണികള്‍ക്കും മുമ്പേ ബിജെപി പടയൊരുക്കം തുടങ്ങി. പാലക്കാട് നടന്ന പരിപാടിയോടെ പാര്‍ട്ടി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ചരിത്രത്തിലാദ്യമായി മുനിസിപ്പല്‍ ഭരണം പിടിച്ച പാലക്കാട് നിന്നുള്ള പ്രചരണ തുടക്കം ബിജെപിയ്ക്ക് വലിയ ആവേശമാകുമെന്നാണ് വിലയിരുത്തല്‍.
പാലക്കാട് ജില്ലയില്‍ മാത്രം രണ്ട് സീറ്റുകള്‍ നേടാമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി ഇരുമുന്നണികള്‍ക്കും ലഭിച്ച വോട്ടിന് ഒപ്പമെത്തിയിരുന്നു. പാലക്കാടിന് പുറമെ മലമ്പുഴ മണ്ഡലത്തിലും ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പ്രമുഖ നേതാക്കളെ തന്നെ ഇവിടെ രംഗത്തിറക്കാനാണ് തീരുമാനം. പാലക്കാട്ടെ മണ്ഡലം കണ്വെന്ഷന് പാര്‍ട്ടി സംസ്ഥാന പ്രസിഡമ്ട് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ഒരു ബൂത്തില്‍ നിന്ന് നാല് പേരെ വീതം മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് എത്തിക്കാനാണ് തീരുമാനം. പരിവാര്‍ സംഘടനകളുടെ പൂര്‍ണ സഹകരണവും ഇത്തവണ ഉറപ്പ് വരുത്തും. ജില്ല തല തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ മുതല്‍ പരിവാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ആര്‍എസ്എസിന്റെ മേല്‍നോട്ടത്തിലാണ് എല്ലായിടത്തും കമ്മറ്റി രൂപീകരണമുള്പ്പടെയുള്ള പരിപാടികള്‍ ഏകോപിപ്പിക്കുക. ഈ മാസം 16ന് എറണാകുളത്ത് പരിശീലന പരിപാടിയില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
മറ്റുള്ള മുന്നണികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മാസങ്ങള്‍ക്ക് മുമ്പേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ ബിജപിയ്ക്ക് കഴിഞ്ഞിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ജയസാധ്യത ഉള്ള കഴക്കൂട്ടം, നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. കഴക്കൂട്ടത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും, നേമത്ത് ഒ രാജഗോപാലും, കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും മത്സരിക്കും. വട്ടിയൂര്‍കാവില്‍ സുരേഷ് ഗോപി മത്സരിക്കാനാണ് സാധ്യത. ഇവിടെ മത്സരിക്കാന്‍ സുരേഷ്ഗോപി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post