ആലപ്പുഴ : പിണറായി സർക്കാരിന്റെ ആധിപത്യ രാഷ്ട്രീയത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കെതിരെ സിപിഎം നേതാവ് ജി സുധാകരൻ. ഭരണവും സമരവും എന്താണെന്ന് ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട എന്നാണ് ജി സുധാകരൻ എം ടി വാസുദേവൻ നായർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു ജി സുധാകരൻ എം ടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.
എം ടി വാസുദേവൻ നായർ ഷോ കാണിക്കുകയാണെന്നും പറയുന്നതിൽ ഒട്ടും ആത്മാർത്ഥതയില്ല എന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. എം ടി വാസുദേവൻ നായരെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിക്കുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. നേരിട്ട് ഒന്നും പറയാൻ ധൈര്യമില്ലാത്തവരാണ് എം ടി പറയുന്നത് ഏറ്റു പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ളത് ചരിത്രപരമായ നിലപാടുകളാണ്. ഭരണപക്ഷത്തിരിക്കുമ്പോൾ ആയാലും പ്രതിപക്ഷത്ത് ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. ഭരണം കൊണ്ട് മാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. അത് മാർക്സിസം ആണ്. അത് പഠിച്ചവർക്കേ അറിയൂ, വായിച്ചു പഠിക്കണം എന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.
Discussion about this post