പ്യോങ്‌യാങ് : ദക്ഷിണ കൊറിയയാണ് തങ്ങളുടെ പ്രധാന ശത്രു എന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ദക്ഷിണ കൊറിയ ശത്രു രാജ്യമാണെന്ന് ഉത്തരകൊറിയക്കാരെ ബോധവൽക്കരിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും കിം ജോങ് ഉൻ അഭിപ്രായപ്പെട്ടു. ഉത്തരകൊറിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് കിം ജോങ് ഉൻ ദക്ഷിണ കൊറിയക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചത്.
ഉത്തര കൊറിയ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ ദക്ഷിണ കൊറിയയുമായി ഒരു യുദ്ധത്തിനുള്ള സാഹചര്യം ഉണ്ടായാൽ അത് ഒഴിവാക്കില്ല. ഉത്തരകൊറിയയിലെ ഭരണം തകർക്കാനും പിടിച്ചടക്കാനും ശ്രമിക്കുകയാണ് ദക്ഷിണ കൊറിയ. അങ്ങനെയുള്ളവരുമായി ഒരിക്കലും ഒരുമിക്കാൻ ആവില്ല. ഉത്തരകൊറിയയെ സംബന്ധിച്ച് അവർ ശത്രു രാജ്യമാണ്. ദക്ഷിണ കൊറിയയെ ഉത്തരകൊറിയൻ പ്രദേശത്തു നിന്നും വേറിട്ട പ്രദേശമായി നിർവചിക്കണം എന്നും കിം ജോങ് ഉൻ അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയിലുള്ളവർ ആരും ദക്ഷിണകൊറിയക്കാരെ ഇനി സഹ പൗരന്മാരായി കാണരുത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങളും അവസാനിപ്പിക്കണം. പ്യോങ്‌യാങിൽ സ്ഥിതിചെയ്യുന്ന കൊറിയൻ പുനരേകീകരണത്തിന്റെ സ്മാരകവും നശിപ്പിക്കണം. ദക്ഷിണ കൊറിയയെ യുദ്ധത്തിൽ പൂർണ്ണമായും കീഴടക്കാനും തിരിച്ചുപിടിക്കാനും ഉത്തരകൊറിയ പദ്ധതിയിടണം എന്നും കിം ജോങ് ഉൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
Discussion about this post