കണ്ണൂര്‍: സെൻട്രൽ ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം തടവുചാടിയ മയക്കുമരുന്ന് കേസ് പ്രതി ടിസി ഹർഷാദിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം അസി. കമ്മിഷണര്‍ ടി.കെ രത്‌നകുമാർ, ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.
ഹർഷാദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. വിദേശത്തേക്ക് കടക്കാനായി പ്രതി വ്യാജ പാസ്പ്പോർട്ട് സംഘടിപ്പിച്ചിരുന്നതായി സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. വിദേശത്തേക്ക് കടക്കാൻ ഹർഷാദ് മുൻപും ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് എല്ലാ വിമാനത്താവളങ്ങളിലും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിക്കായി അയൽ സംസ്ഥാനങ്ങളിലും തിരച്ചിൽ ഉർജിതമാക്കയിട്ടുണ്ട്.
അതേസമയം, പ്രതി തടവു ചാടാനുള്ള പ്രധാന കാരണം ജയിൽ ഉദ്യോഗസ്ഥരുടെ ഗുരുതര രവീഴ്ച്ചയാണെന്നാണ് കണ്ടെത്തൽ. അന്തേവാസസിയായി നാല് മാസം തികയുന്നതിന് മുൻപ് തന്നെ ജയിലിന് പുറത്തുള്ള ജോലികൾ ഹർഷാദിന് നൽകിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ.
പത്ത് വർഷം തടവിനാണ് ഹർഷാദിനെ ശിക്ഷിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഇയാൾ ജയിലിൽ എത്തിയത്. സാധാരണയായി ജയിൽ ശിക്ഷ അവസാനിക്കാന മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പുറത്തുള്ള ജോലികൾ നൽകുക പതിവ്. എന്നാൽ ഹർഷാദിന്റെ കാര്യത്തിൽ ത് ലംഘിച്ചുവെന്നാണ് വിലയിരുത്തൽ.








