തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അമൂല്യസമ്മാനങ്ങൾ കൈമാറി ഗുരുവായൂർ ദേവസ്വം ബോർഡ്. ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും, ചുമർ ചിത്രവുമാണ് ദേവസ്വം ബോർഡ് പ്രധാനമന്ത്രിയ്ക്ക് കൈമാറിയത്. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ ആയിരുന്നു പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്.
ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന് സമ്മാനങ്ങൾ കൈമാറിയത്. ക്ഷേത്രം കൊടിമരത്തിന് സമീപം വെച്ച് ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ എക്‌സ് എം പി, മനോജ് ബി നായർ, കെ.ആർ.ഗോപിനാഥ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിക്ക് മികവാർന്ന കലാസൃഷ്ടികൾ നൽകിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
തേക്കിലാണ് ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപി എളവള്ളി നന്ദനാണ് ശിൽപ്പത്തിന്റെ നിർമ്മാതാവ്. 19 ഇഞ്ച് ഉയരമുള്ള ശിൽപ്പം നാലര ദിവസം കൊണ്ടാണ് ശിൽപ്പി പൂർത്തിയാക്കിയത്.
കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രമാണ് പ്രധാനനമന്ത്രിയ്ക്ക് ദേവസ്വം ബോർഡ് കൈമാറിയത്. ചുമർചിത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള ചുമർചിത്രമാണിത്. എഴുപത് സെ.മി. നീളവും 55 സെ.മീ. വീതിയുമുള്ള ചിത്രം ചുമരിന് സമാനമായ പ്രതലത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. പാരമ്പര്യ ചുമർചിത്ര സമ്പ്രദായത്തിൽപഞ്ചവർണ്ണ സിദ്ധാന്തപ്രകാരം പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന നാരായണീയത്തിലെ പ്രാരംഭ ശ്ലോകം ചിത്രത്തിനടിയിൽ ചേർത്തിട്ടുണ്ട്.
Discussion about this post