ലക്‌നൗ :ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകള്‍ നടത്തി വൃദ്ധന്‍ . മുന്‍ഷി നഗര്‍ സ്വദേശിയായ ഹാക്കിം സിംങാണ് മരണാന്തര ചടങ്ങുകള്‍ നടത്തിയത്. അന്ത്യകര്‍മങ്ങള്‍ നടത്തി മൂന്നാം നാള്‍ ഹാക്കിം മരിച്ചു. ഉത്തര്‍പ്രദേശിലെ സകിത് പട്ടണത്തിലാണ് അപൂര്‍വമായ സംഭവം.
മരണാന്തര ചടങ്ങുകളും വിരുന്നും ആഘോഷപൂര്‍വം നടത്തിയതിന് പിന്നാലെയാണ് ഹാക്കിം സിംങ്ങ് മരിച്ചത്. കുടുംബാംഗങ്ങള്‍ തന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന കാര്യത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹാക്കിമിന്റെ തീരുമാനം. ക്ഷണക്കത്ത് അച്ചടിച്ച് ഗ്രാമത്തിലുള്ള നൂറുകണക്കിന് പേരെ ഹക്കീം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ച എണ്ണൂറിലേറെ പേര്‍ ചടങ്ങിനെത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രദേശത്ത് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ത്യകര്‍മങ്ങള്‍ നടത്തി മൂന്നാം നാള്‍ മരിച്ചത് സ്വാഭാവിക മരണമാണെന്നാണ് റിപ്പോര്‍ട്ട്. ഹാക്കിമിന് തന്റെ മരണത്തെക്കുറിച്ച് മുന്‍കൂര്‍ സൂചന ഉണ്ടായിരുന്നതായാണ് ആളുകള്‍ പറയുന്നത്.
വീടിനും ഒന്നര ഏക്കറിലേറെ ഭൂമിയിലുള്ള ഫാമിനും വേണ്ടി സഹോദരന്മാരും മരുമക്കളും തന്നെ മര്‍ദിക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നു.ദിവസങ്ങള്‍ക്കുമുമ്പ് വഴക്കിനിടെ കൈ ഒടിഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Discussion about this post