ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി ശ്രീരാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദർശൻ. 1883 മുതൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം വരെയുള്ള കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ചിത്രത്തിൽ പറയുന്നത്. ചരിത്രം പറയുന്ന ഡോക്യുഡ്രാമയുടെ ചിത്രീകരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. പ്രിയദർശൻ ഒരുക്കുന്ന ഡോക്യുമെന്ററിയിൽ താൻ ഒരു സുപ്രധാനവേഷം ചെയ്തിരുന്നുവെന്ന് അടുത്തിടെ മേജർരവി വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ചരിത്രം, മുഗൾ അധിനിവേശം, ബാബരി മസ്ജിദിന്റെ ചരിത്രം, കർസേവ, നിയമാപ്പോരാട്ടം, കോടതി വിധി തുടങ്ങീ നിരവധി കാര്യങ്ങളാണ് ഡോക്യു- ഫിക്ഷൻ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത്.
കാലാപാനിയും കുഞ്ഞാലിമരയ്ക്കാരും ചെങ്കോലും ചെയ്ത എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂർത്തമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ കഥ പറയുന്ന ഈ ഡോക്യു ഡ്രാമ. കുട്ടിക്കാലത്ത് രാമായണം കേട്ടുവളർന്ന നാളുകൾ ഞാനിപ്പോൾ ഓർക്കുന്നു. ഇത്തരത്തിൽ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചിത്രീകരിക്കുന്നത് അഭിമാനകരവും വെല്ലുവിളികൾ നിറഞ്ഞതുമാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.
ചരിത്ര പണ്ഡിതർ, പുരാവസ്തു വിദഗ്ധർ, പുരാണ-ഇതിഹാസ പണ്ഡിതർ എന്നിവരടങ്ങിയ ഒരു സംഘത്തിന്റെ മേൽനോട്ടത്തിലാണ് രാമക്ഷേത്ര ചരിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കവിയും ഗാനരചയിതാവും കേന്ദ്രം ഫിലിം സെൻസർ ബോർഡ് ചെയർപേഴ്‌സനുമായ പ്രസൂൺ ജോഷി, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ട്രസ്റ്റ് ചെയർമാനുമായ നൃപേന്ദ്ര മിശ്ര, അയോദ്ധ്യ രാജവംശത്തിലെ പ്രമുഖനും എഴുത്തുകാരനുമായ യതീന്ദ്ര മിശ്ര എന്നിവരും ചലച്ചിത്രത്തിന്റെ നിർമാണത്തിന് നേതൃത്വവും നിർദേശങ്ങളും നൽകുന്നു.
Discussion about this post