അമൃത്സർ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് രാജ്യം മുഴുവനുമുള്ള രാമഭക്തർ. രാജ്യത്തിന്റെ പല ഭാഗത്തും രാമന് സമർപ്പിക്കാനുള്ള സമ്മാനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ ചിത്രകാരൻ പത്ത് അടി ഉയരത്തിലുള്ള പ്രഭു ശ്രീരാമന്റെ ചിത്രമാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. രാമക്ഷേത്രത്തിൽ താൻ വരച്ച ചിത്രം സ്ഥാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അമൃത്സർ നിവാസിയായ ജഗ്യോത് സിംഗ് റുപാൽ ആണ് അക്രിലിക് പെയ്ന്റ് ഉപയോഗിച്ച് ശ്രീരാമന്റെ ചിത്രം കൈകൊണ്ട് വരച്ചുണ്ടാക്കിയത്.
‘അകമഴിഞ്ഞ ഭക്തിയോടെ തിങ്കളാഴ്ച്ച നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായാണ് ചിത്രം വരച്ചത്. രാമക്ഷേത്രം എന്ന് സാക്ഷാത്കരിക്കും എന്ന സ്വപ്നത്തിലായിരുന്നു ഈ നാളുകളിലത്രയും ഇന്ത്യ. പത്ത് അടി ഉയരതത്തിലും ഏഴ് അടി വീതിയിലും ആണ് ചിത്രം വരച്ചിരിക്കുന്നത്. ജനുവരി ഒന്നിനാണ് ചിത്രം വരയ്ക്കാൻ തുടങ്ങിയത്. ഈ ചിത്രം രാമക്ഷേത്രത്തിൽ സ്ഥാപിക്കണം എന്നാണ് എന്റെ ആഗ്രഹം’- ജഗ്യോത് സിംഗ് റുപാൽ പറഞ്ഞു.
‘ക്ഷേത്രത്തിന് പിന്നിലായി ശ്രീരാമൻ നിൽക്കുന്ന രീതിയിലാണ് ചിത്രം വരച്ചിരിക്കുന്നത്. അക്രിലിക്ക് നിറങ്ങളാണ് ചിത്രം വരയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ജീവിതത്തിൽ എന്നെങ്കിലും അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കണം എന്നാണ് ആഗ്രഹം. ഞാനും അവിടേക്ക് പോകും. ഞങ്ങൾ എല്ലാവരും പ്രാണപ്രതിഷ്ഠാ ദിവസം ദീപങ്ങൾ കത്തിക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിഷ്ഠയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കാനായി ഉത്തർപ്രദേശിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സേന ലതാമങ്കേഷ്കർ ചൗക്കിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ഒരുമണിയോട് കൂടി പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post