ന്യൂഡൽഹി: ‘പത്തനാപുരത്തെ വീട്ടുമുറ്റത്ത് ഒരു കൊച്ചുമിടുക്കി വളർത്തിയ പേരത്തൈ ഇനി ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വളരും’ – രണ്ട് വർഷം മുൻപ് നടൻ സുരേഷ്ഗോപി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ച വാക്കുകളാണ് ഇത്. പത്തനാപുരം സ്വദേശിനിയായ ജയലക്ഷ്മി പ്രധാനമന്ത്രിക്ക് സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ പേരത്തൈ ഡൽഹിയിൽ എത്തി പ്രധാനമന്ത്രിക്ക് കൈമാറിയ ശേഷം പങ്കുവച്ച ചിത്രത്തിന് താഴെയാണ് സുരേഷ് ഗോപി ഇങ്ങനെ കുറിച്ചത്.
ഇപ്പോൾ തനിക്ക് സമ്മാനം കൈമാറിയ ജയലക്ഷ്മിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കവേയാണ് അദ്ദേഹം ജയലക്ഷ്മിയെ നേരിൽ കണ്ടത്. ഇത്തവണ അദ്ദേഹം ജയലക്ഷ്മിയിൽ നിന്നും നേരിട്ട് സമ്മാനം വാങ്ങി. ജയലക്ഷ്മിയിൽ നിന്നും വൃക്ഷത്തൈ സമ്മാനമായി വാങ്ങുന്നതിന്റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘രണ്ട് വർഷം മുമ്പ് സുഹൃത്തായ സുരേഷ് ഗോപി ജയലക്ഷ്മി വളർത്തിയ ഒരു പേരത്തൈ തന്നു. ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2021ൽ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെയാണ് ജയലക്ഷ്‍മി സുരേഷ്ഗോപിക്ക് വൃക്ഷത്തൈ കൈമാറിയത്. പ്രധാനമന്ത്രിയെ ഇത് ഏൽപ്പിക്കുമെന്ന് അന്ന് അദ്ദേഹം ഉറപ്പുനൽകി. പിന്നീട് തന്റെ വാക്കുപാലിക്കുന്നെന്ന് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് തൈ കൈമാറുന്നതിന്റെ ചിത്രം പങ്കുവച്ചത്. ‘ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഞാന്‍ വാക്കുനല്‍കിയിരുന്നതുപോലെ ജയലക്ഷ്‍മി നല്‍കിയ പേരത്തൈ പ്രധാനമന്ത്രിക്ക് കൈമാറി. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ച അദ്ദേഹം തന്‍റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.









Discussion about this post