ദിസ്പുർ : രണ്ടുദിവസത്തെ അസം സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു. 1979-85 ലെ വിദേശി വിരുദ്ധ പ്രസ്ഥാനത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായാണ് പ്രധാനമന്ത്രി സ്വാഹിദ് സ്മാരക ക്ഷേത്രത്തിലെത്തിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരായ ആറ് വർഷം നീണ്ടുനിന്ന പ്രസ്ഥാനമായ അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. അസമിലെ ജനങ്ങൾക്ക് ഇത് ഒരു ‘വൈകാരിക നിമിഷം’ ആണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിശേഷിപ്പിച്ചു.

അസം പ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി ഖാർഗേശ്വർ താലൂക്ക്ദാറിന്റെ പ്രതിമയിൽ മാല ചാർത്തിക്കൊണ്ട് പ്രധാനമന്ത്രി ആദരവർപ്പിച്ചു. അടുത്തിടെയാണ് രക്തസാക്ഷികളെ ആദരിക്കുന്നതിനായി അസമിൽ സ്വാഹിദ് സ്മാരക ക്ഷേത്രം നിർമ്മാണം പൂർത്തിയായത്. 170 കോടി ചെലവിൽ നിർമ്മിച്ച ഈ സ്മാരകം ഗാലറികളിലൂടെയും പ്രദർശനങ്ങളിലൂടെയും പ്രക്ഷോഭത്തിന്റെ ചരിത്രം പ്രദർശിപ്പിക്കുന്നു. ഈ മാസം ആദ്യം സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു. രക്തസാക്ഷികളോടുള്ള ആദരസൂചകമായി ഒരിക്കലും അണയാത്ത ഒരു കെടാവിളക്ക് ഈ സ്മാരകത്തിൽ ഉണ്ട്.

അസമിന്റെ നവോത്ഥാനത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഈ വളർച്ചാ യാത്രയിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ബഹുമതി ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്മാരകത്തിൽ ജലാശയങ്ങൾ, ഓഡിറ്റോറിയം, പ്രാർത്ഥനാ ഹാൾ, സൈക്കിൾ ട്രാക്ക്, അസം പ്രക്ഷോഭത്തിന്റെയും സംസ്ഥാന ചരിത്രത്തിന്റെയും വിവിധ വശങ്ങൾ എടുത്തുകാണിക്കുന്ന ശബ്ദ-വെളിച്ച പ്രദർശനത്തിനുള്ള ക്രമീകരണം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.










Discussion about this post