ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് അടുത്തിരിക്കേ വിമാനടിക്കറ്റുകളിലും ഹോട്ടൽ രംഗത്തും വ്യാപാരരംഗത്തും ഉൾപ്പെടെ വൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബാങ്കിംഗ് മേഖലയും ഈ സമയത്ത് വളർച്ച ലക്ഷ്യമിടുകയാണ്. പ്രതിഷ്ഠാ ദിനത്തോടടുക്കുന്നതോടെ കൂടുതൽ ശാഖകൾ തുറക്കാനൊരുങ്ങുകയാണ് ബാങ്കുകൾ. രാമജന്മ ഭൂമിയിൽ കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ മികച്ച ബിസിനസ് ലക്ഷ്യമിട്ടുകൊണ്ടാണ് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പുതിയ ശാഖകൾ തുറക്കാൻ ഒരുങ്ങുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സി ഒരു മാസത്തിനുള്ളിൽ പുതിയ ശാഖ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് ശാഖകളാണ് അയോദ്ധ്യയിൽ ഉള്ളത്. ഈ മാസം ആദ്യം കർണാടക ബാങ്ക് അതിന്റെ 915-ാമത് ബ്രാഞ്ച് തുടങ്ങിയിരുന്നു. മൊബൈൽ എടിഎമ്മുകൾ തുറന്നുകൊണ്ട് ആക്സിസ് ബാങ്കും അയോദ്ധ്യയിൽ സാന്നിദ്ധ്യമുറപ്പിക്കുകയാണ്. ഇതിന് പുറമേ അയോദ്ധ്യയിൽ പുതിയ ശാഖ തുറക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജമ്മു ആൻഡ് കശ്മീർ ബാങ്കും അറിയിച്ചു.
അയോദ്ധ്യ വിമാനത്താവളത്തിന് സമീപം മറ്റൊരു ശാഖ കൂടി തുറക്കുന്നതായി പഞ്ചാബ് നാഷണൽ ബാങ്കും അറിയിച്ചിട്ടുണ്ട്. നിലവിൽ പതിനൊന്ന് ശാഖകളാണ് പഞ്ചാബ് നാഷണൽ ബാങ്കിനുള്ളത്. വിപുലമായ ബിസിനസ് മുന്നിൽ കണ്ട് കാനറ ബാങ്ക് തങ്ങളുടെ പ്രാദേശിക ഓഫീസ് അടുത്തിടെ അയോദ്ധ്യയിലേക്ക് മാറ്റിയിരുന്നു. അയോദ്ധ്യ ജില്ലയിൽ പതിനൊന്ന് ശാഖകളാണ് കാനറ ബാങ്കിനുള്ളത്. ഇതിൽ ആറെണ്ണം അയോദ്ധ്യ നഗരത്തിൽ ഉണ്ട്. ഒരു ശാഖ അയോദ്ധ്യ ക്ഷേത്രത്തിന് സമീപം തന്നെയാണുള്ളത്. പ്രാണപ്രതിഷ്ഠ അടുത്തതോടെ അടുത്തിടെയാണ് ഈ ബ്രാഞ്ച് നവീകരിച്ചത്.
നിലവിൽ അയോദ്ധ്യയിൽ ആകെ 250 ബാങ്ക് ശാഖകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ളത് ബാങ്ക് ഓഫ് ബറോഡയ്ക്ക് ആണ്. 34 ബാങ്കുകളാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് അയോദ്ധ്യയിലുള്ളത്. 26 ശാഖകളോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊട്ടുപിറകിൽ ഉണ്ട്. മൂന്നാം സ്ഥാനം പഞ്ചാബ് നാഷണൽ ബാങ്കിനാണ്.
Discussion about this post